ഇടവേളയില്ല; ഇരിപ്പിടങ്ങൾക്കിടയിൽ കൂടുതൽ അകലം: കൊവിഡാനന്തര തീയറ്റർ മാർഗനിർദ്ദേശങ്ങളുമായി ജർമ്മനി

theatres after covid germany

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുമായി ജർമ്മനി. ലോക്ക്ഡൗൺ നിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കുന്നതിൻ്റെ ഭാഗമായാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. തുറന്ന ഇടങ്ങളിലെ പൊതു പരിപാടികൾ ജൂൺ 2 മുതൽ അനുവദിക്കുമെന്ന് ബെർലിൻ സെനറ്റ് അറിയിച്ചിരുന്നു. എന്നാൽ തീയറ്ററുകൾ സെപ്തംബർ വരെ അടഞ്ഞു കിടക്കും. എങ്കിലും കൊവിഡാനന്തര തീയറ്റർ എങ്ങനെയാവുമെന്നതിൻ്റെ മാതൃക ബെർലിൻ എൻസാമ്പിൾ എന്ന തീയറ്റർ കാണിച്ചു തരുന്നുണ്ട്.

Read Also: സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതിൽ നഗ്‌നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ

പ്രധാന ഓഡിറ്റോറിയത്തിലുണ്ടായിരുന്ന 700 സീറ്റുകളിൽ 500 സീറ്റുകളും ഇവർ നീക്കം ചെയ്തു. സീറ്റുകൾക്കിടയിൽ ആവശ്യത്തിനു സ്ഥലം ഉണ്ടാക്കി സാമൂഹിക അകലം പാലിക്കുകയാണ് ലക്ഷ്യം. സെപ്തംബർ നാലിനാണ് തീയറ്ററിൽ ആദ്യ പ്രദർശനം നടക്കുക. അപ്പോൾ ഇടവേള ഉണ്ടാവില്ല. ഇടവേള നൽകിയാൽ ശൗചാലയത്തിൽ തിരക്ക് ഉണ്ടാവുമെന്നും ഇത് സാമൂഹിക അകലം പാലിക്കലിനു ഭീഷണിയാകുമെന്നും തീയറ്റർ അധികാരികൾ പറയുന്നു. ടിക്കറ്റ് നിരക്ക് അധികരിപ്പിക്കില്ല. പലരും ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ടിക്കറ്റ് വില വർധിപ്പിക്കുന്നത് ശരിയായ നടപടി അല്ലെന്നാണ് അവർ പറയുന്നത്.

മാർച്ച് മധ്യത്തോടെയാണ് ജർമ്മനിയിലെ തീയറ്ററുകൾ അടച്ചത്. രാജ്യത്ത് പൂർണ്ണമായും അടച്ചിടുന്ന ആദ്യ സ്ഥാപനങ്ങളായിരുന്നു തീയറ്ററുകൾ. കഴിഞ്ഞ ആഴ്ചത്തെ രാജ്യത്തെ ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗ ആരംഭിച്ചിരുന്നു. ജർമ്മനിയിൽ ഇതുവരെ 183,019 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 8,594 ആളുകൾ മരണപ്പെട്ടു. 164,100 പേർ രോഗമുക്തരായിരുന്നു.

Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ

ലോകത്ത് ഇതുവരെ 6,033,452 ആളുകൾക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 366,890 പേർ മരണപ്പെട്ടു. 2,661,097 പേരാണ് രോഗമുക്തരായത്.

അതേ സമയം, കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത് എത്തി. കേസുകളുടെ എണ്ണത്തിൽ തുർക്കിയെ മറികടന്നു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 42.89 ശതമാനമായി ഉയർന്നു.

Story Highlights: theatres after covid germany

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top