പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് നാല് പേര്‍ക്ക് വീതം കൊവിഡ്

covid19, coronavirus, Pathanamthitta, Thiruvananthapuram

പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് നാല് പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചെന്ന് സംശയിക്കുന്ന തിരുവനന്തപുരം ആനാട് സ്വദേശിയുടെ കോണ്‍ടാക്റ്റ് കണ്ടെത്താനുള്ള നടപടി ആരംഭിച്ചു.

കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ പത്തനംതിട്ട സ്വദേശിയുമാണ്. കുവൈറ്റില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട കൂരമ്പാര സ്വദേശിനിയായ 31 കാരി മെയ് 20 നാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രോഗം സ്ഥിരീകരിച്ച കാട്ടാക്കട സ്വദേശികളായ രണ്ട് സ്ത്രീകള്‍ മെയ് 27, 28 തിയതികളില്‍ നാട്ടില്‍ തിരിച്ചെത്തിയവരാണ്. ഇതിന് ശേഷം ഇരുവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരെ കൂടാതെ തിരുവനന്തപുരം ആലങ്കോട് സ്വദേശിയായ 42 കാരനാണ് കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ ഒരാള്‍.

പത്തനംതിട്ട അട്ടച്ചാക്കല്‍ സ്വദേശിനിയായ 58 കാരിക്കും തിരുവല്ല ഓതറ സ്വദേശിനിയായ 67 കാരിക്കുമാണ് ഡല്‍ഹിയില്‍ നിന്നെത്തിയതിന് ശേഷം രോഗം സ്ഥിരീകരിച്ചത്. കൂടാതെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് ഡല്‍ഹി തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ നാട്ടിലെത്തിയ സീതത്തോട് സ്വദേശിനിക്കും പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു. താനെയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന 30 വയസുകാരിയായ യുവതി ഗര്‍ഭിണിയാണ്.

27 ന് തമിഴ്‌നാട്ടില്‍ പോയി മടങ്ങിയെത്തിയ തിരുവനന്തപുരം ആനാട് സ്വദേശിയായ 33 കാരന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. മെയ് 28 ന് അവശത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

Story Highlights: covid19, coronavirus, Pathanamthitta, Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top