ലോക്ക്ഡൗണിനിടെ ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയായ ലീന ആശുപത്രി വിട്ടു

ലോക്ക്ഡൗണിനിടെ ഹെലികോപ്റ്ററിൽ ഹൃദയമെത്തിച്ചുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ കോതമംഗലം സ്വദേശിനി ലീന ആശുപത്രി വിട്ടു. 23 ദിവസത്തെ ചികിത്സ പൂർത്തിയാക്കിയാണ് ലീന വീട്ടിലേക്ക് മടങ്ങിയത്. അമ്മയ്ക്ക് ലഭിച്ച കരുതലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലീനയുടെ മക്കൾ അവയവദാനത്തിനുള്ള സമ്മതപത്രവും കൈമാറി.
മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലിടീച്ചറുടെ ഹൃദയമാണ് ലീനയെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനുശേഷം ആരോഗ്യവതിയായി മടക്കം. ലോക്ക്ഡൗണിനിടെ മേയ് ഒൻപതിനാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ലാലി ടീച്ചറുടെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യവുമായിരുന്നു ഇത്. വിജയകരമായി പൂർത്തിയാക്കിയ ഹൃദയമാറ്റ സർജറി ദൗത്യത്തിന് വീഡിയോ കോളിലൂടെ ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു.
ഒരു മാസത്തോളം തുടർ പരിശോധനകളും വൈദ്യപരിചരണവും ആവശ്യമായതിനാൽ കൊച്ചിയിലെ സഹോദരിയുടെ വീട്ടിലേക്കാണ് മടക്കം. അമ്മയ്ക്ക് ലഭിച്ച കാരുണ്യ സ്പർശത്തിന് നന്ദി അർപ്പിച്ച് ലീനയുടെ മക്കളായബേസിലും ഷിയോണയും അവയവദാന പ്രതിജ്ഞയെടുത്തു.
മെയ് 9ന് രാവിലെ കൊച്ചി ലിസി ആശുപത്രിയിൽ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തിയ വിദഗ്ധസംഘമാണ് ഹൃദയവുമായി ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരികെ കൊച്ചിയിൽ എത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു കിംസിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനായി ഒന്നരക്കോടി രൂപ പവൻ ഹാൻസ് കമ്പനിക്ക് കൈമാറിയത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ അടക്കം വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. സ്വന്തമായി ഹെലികോപ്റ്റർ വാങ്ങുന്നതിനെക്കാൾ നല്ലത് വാടകയ്ക്ക് എടുക്കുന്നതാണെന്നു മനസിലായതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിവാദത്തിൽ നടത്തിയ പ്രതികരണം.
Story Highlights- after successful heart transplantation during lockdown leena leaves hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here