കൊറോണ വൈറസോ ബാക്ടീരിയയോ ? പലർക്കും ലഭിച്ച ആ വാട്‌സ് ആപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം

കൊവിഡ് എന്നാൽ കൊറോണ വൈറസ് ഡിസീസ്…ഇത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്..എന്നാൽ കൊറോണ എന്നാൽ ഒരു വൈറസല്ല ബാക്ടീരിയയാണ് എന്നൊരു പ്രചരണം അടുത്തിടെയായി വരുന്നുണ്ട്. മാത്രമല്ല കൊറോണ ചികിത്സയ്ക്കായി ആസ്പിരിൻ ഉപയോഗിക്കാമെന്നും, ചികിത്സയ്ക്ക് ഐസിയുവിന്റെ ഒന്നും അവിശ്യമില്ലെന്നുമാണ് പ്രചാരണം. ഇറ്റാലിയൻ ഡോക്ടർമാരുടെ പേരിലാണ് വ്യാജ പ്രചരണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഈ വ്യാജ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.
ഈ വ്യാജ പ്രചരണത്തെ നമുക്ക് മൂന്നായി ഭാഗിക്കാം. ആദ്യ വാദം കൊറോണയെന്നാൽ ബാക്ടീരിയയാണ് വൈറസല്ല എന്നാണ്. എന്നാൽ കൊറോണ എന്നതൊരു വൈറസാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച കാര്യമാണ്. അതിൽ തർക്കം വേണ്ട.
രണ്ടാമത് പറയുന്നത് ആസ്പിരിൻ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം എന്നാണ്. ആസ്പിരിനുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് കൊവിഡ് രോഗത്തെ ചെറുക്കാൻ സാധിക്കുമെന്നതിന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
മൂന്നാമത് പറയുന്നത് കൊറോണ ബാധിച്ച് മരണകാരണമാകുന്നത് ന്യൂമോണിയയല്ല മറിച്ച് രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് എന്ന അവസ്ഥയാണെന്നാണ്. ത്രോംബോസിസ് കൊവിഡ് രോഗികളെ മരണത്തിലേക്ക് നയിക്കുമോ ഇല്ലെയോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും ശ്വാസകോശത്തിന് വരുന്ന തകരാറാണ് ഇത്തരം രോഗികളിലെ മരണകാരണമെന്ന് തെളിഞ്ഞിട്ടുണ്ട്.
കൊവിഡ് രോഗികൾക്കായി വെന്റിലേറ്റുകളോ, ഐസിയുകളുടെയോ ആവശ്യമില്ലെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു. എന്നാൽ എല്ലാ കൊവിഡ് രോഗികളെയും ഐസിയുവിൽ കിടത്തി ചികിത്സിക്കേണ്ട അവശ്യം വരാറില്ല. രോഗം മൂർച്ഛിച്ചാൽ മാത്രമേ ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സഹായം ആശുപത്രി അധികൃതർ തേടുകയുള്ളു.
ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലേക്കും ഈ വ്യാജ സന്ദേശം പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഏതോ ഒരു വിരുതൻ. സഹജീവികൾക്ക് ഗുണമില്ലാത്ത ഇത്തരം വ്യാജ സന്ദേശങ്ങൾ പങ്കുവച്ചും പരിഭാഷപ്പെടുത്തിയും സ്വന്തം സമയവും അധ്വാനവും പാഴാക്കാതിരിക്കാം.
Story Highlights- coronavirus or bacteria 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here