പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിലെത്തിച്ച് നൽകി സ്‌കൂൾ അധികൃതർ

പാഠപുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ച് നൽകാൻ മുന്നിട്ടിറങ്ങി അധ്യാപകരും പിടിഎ ഭാരവാഹികളും. തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്‌കൂൾ അധികൃതരാണ് പുസ്തകങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ആദ്യ വിദ്യാർത്ഥിക്ക് പുസ്തകം കൈമാറി.
നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികളെയോ രക്ഷിതാക്കളെയോ സ്‌കൂളുകളിലെത്തിക്കാതെ പാഠപുസ്തകങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുക, നിരവധി മാതൃകാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുളള കോട്ടൻഹിൽ ഗവൺമെന്റ് എൽപി സ്‌കൂളാണ് ഇത്തരമൊരു ആശയവും നടപ്പിലാക്കിയത്.
കുട്ടികൾക്കുള്ള ഈ വർഷത്തെ പാഠപുസ്തകം ജൂൺ ഒന്നിന് തന്നെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ആലോചനക്കൊടുവിലാണ് സ്‌കൂൾ അധികൃതർ നേരിട്ട് വിതരണമേറ്റെടുത്തത്. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസ് ആരംഭിക്കുമ്പോൾ തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. രാവിലെ പത്ത് മണിക്ക് വഴുതക്കാട് ഇടപ്പഴഞ്ഞിയിൽ താമസിക്കുന്ന ഒന്നാം ക്ലാസുകാരൻ അഭീനാഥിന് ആദ്യം പുസ്തകം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിക്ക് പിന്തുണയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. സ്‌കൂളിലെ നാന്നൂറോളം വിദ്യാർത്ഥികൾക്കാണ് അവരുടെ വീടുകളിലെത്തി പുസ്തകങ്ങൾ കൈമാറിയത്. ഹെഡ്മാസ്റ്ററും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് സ്‌കൂൾ ബസിലാണ് പുസ്തകവുമായി വിതരണത്തിനിറങ്ങിയത്.
text book, school text book, cottonhill l p school trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here