കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘനം നടത്തിയതായി കണ്ടെത്തൽ

കൊച്ചിയിൽ കൊവിഡ് സ്ഥിരീകരിച്ച പൈലറ്റ് ഗുരുതരമായ ക്വാറന്റീൻ ലംഘനം നടത്തിയതായി കണ്ടെത്തൽ. ദുബായിൽ നിന്നു വന്ന ശേഷം ക്വാറന്റീൻ പാലിക്കാതെ എയർ ഇന്ത്യ ഉദ്യോഗസ്ഥ തേവര മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും പോയതായി ജില്ലാ ഭരണകൂടം പുറത്തുവിട്ട സമ്പർക്ക പട്ടികയിൽ വ്യക്തമാക്കുന്നു. ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞത് ഒരു ദിവസം മാത്രമാണ്. ക്വാറന്റീൻ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പൊലീസ് കേസെടുത്തേക്കും.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചത്. ജോലിക്കു ശേഷം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് എയർ ഇന്ത്യ ക്രൂ അംഗങ്ങൾക്കുള്ള നിർദേശം. എന്നാൽ ഒരു ദിവസം മാത്രം ഹോട്ടലിൽ തങ്ങിയ ശേഷം വനിതാ പൈലറ്റ് തേവരയിലെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് തേവര മാർക്കറ്റിലും സൂപ്പർമാർക്കറ്റിലും എടിഎമ്മിലും ഇവർ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും കണ്ടെത്തി. നിരവധി പേരുമായി ഇവർ ഇടപഴകിയതായും വിവരമുണ്ട്.
Read Also: രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു
പൈലറ്റിൻ്റെ സമ്പർക്ക പട്ടിക പുറത്തുവിട്ട ജില്ലാ ഭരണകൂടം, പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് കൊച്ചിൻ കോർപ്പറേഷനിലെ 60-ാം ഡിവിഷനായ തേവര, പെരുമാനൂർ പ്രദേശം ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർധരാത്രി മുതലാണ് തേവര കണ്ടെയിൻമെന്റ് സോണായി നിലവിൽ വന്നത്. ഇതോടെ ഈ മേഖയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. കടുത്ത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.
Story Highlights: kochi pilot quarantine violations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here