പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു പിന്നാലെ പമ്പയിൽ നിന്നുള്ള മണൽ നീക്കം താത്കാലികമായി നിർത്തി

sand

പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിനു പിന്നാലെ പമ്പയിൽ നിന്നുള്ള മണൽ നീക്കം താത്കാലികമായി നിർത്തി. വനം വകുപ്പിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. മണൽ വനപ്രദേശത്തിന് പുറത്തു കൊണ്ടു പോകാനാവില്ലെന്ന് വനം മന്ത്രി കെ രാജു വ്യക്തമാക്കി. വനം വകുപ്പ് നിർദേശിക്കും പോലെ മണ്ണ് നീക്കം ചെയ്യാനാവില്ലെന്ന് കരാറുകാരായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് വ്യക്തമാക്കി.

2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണലും എക്കലും ടാറ്റ കമ്പനി വാരി ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. ത്രിവേണിയിലെ ഈ മണൽ നീക്കം ചെയ്യാത്തതിനെ ഹെലികോപ്ടറിലെത്തി മുൻ ചീഫ് സെക്രട്ടറി ടോം ജോസും പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക് നാഥ് ബെഹ്റയും പത്തനംതിട്ട കളക്ടറേയും എസ്പിയേയും ശാസിച്ചു . ഇതിനു പിന്നാലെ സൗജന്യ മണൽ കൊണ്ടുപോകാനുള്ള കരാർ കണ്ണൂരിലെ കേരള ക്ലേയിസ് ആൻഡ് സിറാമിക്സിക്സിനു കളക്ടർ നൽകി. ഈ പൊതുമേഖലാ സ്ഥാപനം മണൽ നീക്കത്തിന് വെള്ളപ്പള്ളി കൺസ്ട്രക്ഷൻസ് എന്ന സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരാറിൽ അഴിമതി ഉന്നയിച്ച് രംഗത്തെത്തിയതോടെ മണൽ നീക്കം വിലക്കി വനം അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. ഇക്കാര്യം വനം മന്ത്രി സ്ഥിരീകരിച്ചു

Read Also:മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

പമ്പയിലെ മാലിന്യം നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവെച്ചു എന്ന് സിപിഐഎം നേതാവും ക്ലെയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ചെയർമാനുമായ ടി.കെ ഗോവിന്ദൻ പ്രതികരിച്ചു. മണൽ നീക്കത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനിടെ വനം മന്ത്രി കെ രാജുവിനേയും സെക്രട്ടറി ആശാ തോമസിനേയും മുഖ്യമന്ത്രി വിളിപ്പിച്ചു.

Story Highlights – sand, pamba river

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top