ഓൺലൈൻ അധ്യാപികമാർക്കെതിരായ അവഹേളനം; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി

ഓൺലൈൻ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിൻ.
വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കേസിൽ ഇതുവരെ അഡ്മിൻ ഉൾപ്പെടെ ആറു പേരെ തിരിച്ചറിഞ്ഞതായി സൈബർ ക്രൈം പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങിയതോടെ വിദ്യാർത്ഥികൾ തെളിവുകൾ നശിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. വാട്‌സപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലാണ് അധ്യാപികമാർക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.
സന്ദേശം പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അഡ്മിൻ പിടിയിലാകുന്നത്.
Read Also:ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് നേരെ അശ്ലീല സന്ദേശം; വിദ്യാർത്ഥികൾ പിടിയിൽ
വിക്ടേഴ്‌സ് ചാനൽ വഴി നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടി. അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാൽ കേസെടുക്കാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ സൈബർവിങ് സോഷ്യൽ മീഡിയയിൽ പ്രത്യേക നിരീക്ഷണം നടത്തും. അപമാനിക്കുന്ന തരത്തിൽ കമന്റുകളിട്ടാലും നിയമനടപടി നേരിടേണ്ടി വരും.
Story Highlights- online class, whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here