ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് നേരെ അശ്ലീല സന്ദേശം; വിദ്യാർത്ഥികൾ പിടിയിൽ

ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് അശ്ലീല വീഡിയോ അയക്കുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്ത വിദ്യാർത്ഥികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അസംഘട്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളാണ് സ്‌കൂൾ പ്രിൻസിപ്പലും അധ്യാപികയും നൽകിയ പരാതിയെ തുടർന്ന് അറസ്റ്റിലായത്.

പ്ലസ് ടു വിദ്യാർത്ഥികൾക്കായ തയാറാക്കിയ ഓൺലൈൻ ക്ലാസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥിനികളുടെ പേരുകൾ ഉപയോഗിച്ച് കയറിക്കൂടിയ ഇവർ ക്ലാസ് ആരംഭിച്ച ശേഷം അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അധ്യാപികയും പ്രിൻസിപ്പലും കൊട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അസംഘട്ട് പൊലീസ് സൂപ്രണ്ട് ത്രിവേണി സിംഗ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: വെളളിയാഴ്ച രാവിലെ അധ്യാപിക പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി ഇംഗ്ലീഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ്, തങ്ങളെയും ക്ലാസിന്റെ ഭാഗമാക്കാണമെന്നഭ്യർത്ഥിച്ച് രണ്ട് വിദ്യാർത്ഥിനികളുടെ മെസേജ് കിട്ടുന്നത്. ഇതേ തുടർന്ന് അധ്യാപിക രണ്ടു വിദ്യാർത്ഥിനികളെയും ഓൺലൈൻ ക്ലാസിന്റെ ഭാഗമാക്കി. ശേഷം വിദ്യാർത്ഥിനികളിലൊരാൾ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു തുടങ്ങി. അധ്യാപിക ഇത് ചോദ്യം ചെയ്തതോടെ അടുത്ത വിദ്യാർത്ഥനിയുടെ നമ്പറിൽ നിന്നും അശ്ലീല വീഡിയോകളും എത്തി തുടങ്ങി. അതിനുശേഷം വീണ്ടും ഇരുവരും നിരവധി മോശം കമന്റുകൾ അധ്യാപികയ്ക്ക് അയച്ചു.

സംഭവത്തിനു ശേഷം വാട്സ് ഗ്രൂപ്പിൽ നിന്നും പുറത്തു പോയ അധ്യാപിക, വിവരം സ്‌കൂൾ പ്രിൻസിപ്പാലിനെ അറിയിച്ചു. സ്‌കൂൾ അധികൃതർ രണ്ട് വിദ്യാർത്ഥിനികളുടെയും മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ്. അവരുടെ മക്കൾ കഴിഞ്ഞ 15 ദിവസമായി സ്ഥലത്തില്ലെന്നും, രണ്ടു പേർക്കും മൊബൈൽ ഫോണുമില്ലന്ന കാര്യവും സ്‌കൂൾ അധികൃതർ അറിയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെയാണ് ഇതിനു പിന്നിൽ മറ്റാരൊക്കെയോ ആണെന്നു സംശയം ഉയർന്നത്. തുടർന്ന് പൊലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന അതേ സ്‌കൂളിലെ തന്നെ വിദ്യാർത്ഥികളാണ് ഇതിനു പിന്നിലെന്ന് മനസിലായത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തശേഷം രണ്ടു വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് അയച്ചു. തങ്ങളുടെ ഒരു സീനിയർ വിദ്യാർത്ഥിയുടെ പക്കൽ നിന്നാണ് വിദ്യാർത്ഥിനികളുടെ പേര് വിവരങ്ങൾ മനസിലാക്കിയതെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞത്. ഈ സംഭവത്തിനു പിന്നാലെ അസംഘട്ട് പൊലീസ് ഓൺലൈൻ ക്ലാസ് നടത്തിപ്പുകാർക്ക് പ്രത്യേക മാർഗം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Story highlight: An obscene message to a teacher during an online class; Students arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top