തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ജൂണ്‍ ഒന്നിന് റഷ്യയില്‍ നിന്നെത്തിയ മുരിയാട് സ്വദേശി, മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി, 27 ന് മുംബൈയില്‍ നിന്നെത്തിയ വലപ്പാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ അഞ്ച് വയസുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു.

ഇതുവരെ ആകെ ജില്ലയില്‍ 86 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രണ്ട് പേര്‍ രോഗമുക്തരായി. വീടുകളില്‍ 13410 പേരും ആശുപത്രികളില്‍ 88 പേരും ഉള്‍പ്പെടെ ആകെ 13498 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വ്യാഴാഴ്ച അഞ്ചു പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ആശുപത്രി വിട്ടു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 928 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 589 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച 137 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 3167 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 2517 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 650 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 1049 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.

Story Highlights: Covid confirmed four people in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More