കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍

Kerala wants Center bear train costs of migrant worker

കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 120,000 തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ താത്പര്യമുണ്ട്. ജൂണ്‍ മൂന്ന് വരെ 112 ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

റെയില്‍വേ കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. കേന്ദ്രത്തിന് കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി കൊണ്ടുപോകാവുന്നതേയുള്ളുവെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു. ജൂണ്‍ മൂന്ന് വരെ 112 ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. 153,435 പേര്‍ നാടുകളിലേക്ക് പോയി. 120,000 തൊഴിലാളികള്‍ക്ക് കൂടി നാട്ടിലേക്ക് പോകാന്‍ താത്പര്യമുണ്ട്. ഇവര്‍ പുറപ്പെടുന്ന സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ശേഖരിച്ച് പദ്ധതി തയാറാക്കി. ഷെഡ്യുള്‍ തയാറാക്കാന്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര സൗജന്യമാണ്. യാത്രക്കിടയില്‍ കഴിക്കാന്‍ ഭക്ഷണവും നല്‍കും. തിരിച്ചുവരാന്‍ താത്പര്യമുള്ളവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരളം സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇതരസംസ്ഥാനങ്ങളിലെ പോലെ ഒരു ദാരുണ സംഭവവും ഉണ്ടായിട്ടില്ല. ഒരു കുടിയേറ്റ തൊഴിലാളി പോലും മരിച്ചിട്ടില്ല. ഒരു തൊഴിലാളി പോലും കേരളത്തില്‍ പട്ടിണി കിടന്നിട്ടില്ല. കുടിയേറ്റ തൊഴിലാളി വിഷയം കേരളം കൈകാര്യം ചെയ്ത രീതിയില്‍ പരക്കെ പ്രശംസ ലഭിച്ചു. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത സമിതി രൂപീകരിച്ചു. തൊഴില്‍ വകുപ്പ് എല്ലാ ജില്ലകളിലും ഹെല്‍പ് ലൈനും കോള്‍ സെന്ററും തുറന്നിരുന്നുവെന്നും കേരളം കോടതിയെ അറിയിച്ചു.

 

Story Highlights: Kerala wants Center bear train costs of migrant worker

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top