കൊച്ചിയിൽ ചോർന്നൊലിച്ച വീട്ടിൽ താമസിച്ചിരുന്ന സുഷമയ്ക്കും കുടുംബത്തിനും സഹായവുമായി അമേരിക്കൻ മലയാളി; ട്വന്റിഫോർ എക്സ്ക്ലൂസിവ്

കൊച്ചിയിൽ ചോർന്നൊലിച്ച വീട്ടിൽ താമസിച്ചിരുന്ന സുഷമയ്ക്കും മൂന്ന് മക്കൾക്കും സഹായവുമായി അമേരിക്കൻ മലയാളി പോൾ കറുകപ്പള്ളി. വാടകക്ക് ഒരു വീടെടുക്കാനും അത്യാവശ്യം വേണ്ട മറ്റ് ചെലവുകൾക്കുമായി ഇപ്പോൾ ഒരു ലക്ഷം രൂപ നൽകാമെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെയാണ് സുഷമയുടെയും കുടുംബത്തിൻ്റെയും ദുരിതജീവിതം 24 റിപ്പോർട്ട് ചെയ്തത്.
ഫൊക്കാനയുടെ മുൻ പ്രസിഡൻ്റ് കൂടിയായ പോൾ 24 വാർത്ത ശ്രദ്ധിച്ചാണ് പ്രശ്നത്തിൽ ഇടപെടുന്നത്. ഇപ്പോൾ ഒരു ലക്ഷം രൂപ നൽകാമെന്നും വൈകാതെ വീട് അടക്കമുള്ള മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നും അദ്ദേഹം അറിയിച്ചു. പണം നാളെത്തന്നെ കൊച്ചി സ്റ്റുഡിയോയിൽ ഏല്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരം ട്വൻ്റിഫോർ മോണിംഗ്ഷോയിൽ ഇദ്ദേഹം പങ്കുവച്ചു. പോൾ കറുകപ്പള്ളിയും ഭാര്യയും ചേർന്നാണ് ധനസഹായം നൽകിയിരിക്കുന്നത്.
Read Also: കൊച്ചി നഗരത്തിൽ മഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ അമ്മയും മക്കളും
കാലിത്തൊഴുത്തിനേക്കാൾ കഷ്ടമായ ഒരു സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. ടാർപാളിനും, പ്ലാസ്റ്റിക് ചാക്കും കൊണ്ടുള്ളതാണ് മേൽക്കൂര. മഴയെത്തിയതോടെ ചോർന്നൊലിക്കുന്നു. നിലത്താകെ വെള്ളമാണ്. കൊച്ചുകൂരയ്ക്കുള്ളില്‍ കൊതുകും പാറ്റയും പഴുതാരയും പൂച്ചയുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. നിവൃത്തിയില്ലാതെ ആ വെള്ളത്തിനിടയിലാണ് സുഷമയുടെയും കുട്ടികളുടെയും ഉറക്കം.
കട്ടിൽ പോലെയൊന്ന് മുറിയിലുണ്ട്. അവിടെയൊരൽപം ചോർച്ച കുറവാണ്. മഴയ്‌ക്കൊപ്പം വലിയ കാറ്റ് കൂടി വന്നാൽ കടത്തിണ്ണയിലേക്ക് പോകേണ്ടി വരും. സുഷമയ്ക്ക് ടിഡി അമ്പലത്തിലെ അടിച്ചുതെളി ജോലിയാണ്. ഭർത്താവ് കാൻസർ ബാധിച്ച് രണ്ട് വർഷം മുൻപ് മരിച്ചു. കിട്ടുന്ന തുച്ഛ ശമ്പളം ഭക്ഷണത്തിന് മാത്രം തികയും. വീടിനായി പലകുറി ശ്രമിച്ചു. നടന്നില്ല. ഇതോടെ മഴക്കാലത്തും ഈ കുടുംബത്തിന്റെ നരകയാതന തുടരുകയാണ്.
Story Highlights: paul karukappally help sushama and family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here