അന്ന് ചിക്കുൻഗുനിയ കാലത്ത് ആരോഗ്യവിഭാഗം സെക്രട്ടറി; ഇന്ന് കൊവിഡ് കാലത്ത് ചീഫ് സെക്രട്ടറി; വിശേഷങ്ങളുമായി വിശ്വാസ് മേത്ത മോണിംഗ് ഷോയിൽ

viswas mehta kerala health secretary during chikungunya

ചിക്കുൻഗുനിയയിൽ പകച്ച് നിന്ന കേരളത്തിന്റെ ആരോഗ്യ വിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ച വിശ്വാസ് മേത്ത തികച്ചും യാദൃശ്ചികമായി തന്നെ മറ്റൊരു പനിക്കാലത്ത് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ചിക്കുൻഗുനിയ ജീവന് ഭീഷണിയല്ലായിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ ഉൾപ്പെടെ പിടിമുറുക്കിയിരിക്കുന്ന കൊവിഡ് നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ കൊവിഡ് പോരാട്ടത്തിൽ സംസ്ഥാനം പടയൊരുക്കം നടത്തുമ്പോൾ ചീഫ് സെക്രട്ടറിയുടെ ചുമതലകൾ ഒന്നുകൂടി ഭാരിച്ചതാകുന്നു. ആർ ശ്രീകണ്ഠൻ നായർ നയിച്ച മോണിംഗ് ഷോയിൽ അതിഥിയായി പങ്കെടുക്കവെ തന്റെ കർമഭൂമിയായ കേരളത്തിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് വിശ്വാസ് മേത്ത പറഞ്ഞു.

ഏഴ് വർഷത്തോളം ആരോഗ്യ വിഭാഗത്തിൽ സേവനമനുഷ്ടിച്ച വ്യക്തിയാണ് വിശ്വാസ് മേത്ത. കേരളത്തിൽ 2005-2009 വരെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു. പിന്നീട് കേന്ദ്ര മന്ത്രാലയത്തിൽ ആരോഗ്യ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ന് 2020 ൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുമ്പോഴും വിശ്വാസ് മേത്ത ആദ്യം മുൻഗണന നൽുന്നത് കൊവിഡ് പോരാട്ടത്തിന് തന്നെയാണ്. തന്റെ മുൻഗാമികൾ ചെയ്ത് പാതിയാക്കി വച്ച, മെട്രോ എക്‌സ്‌റ്റെൻഷൻ പോലുള്ള മറ്റ് ചില പദ്ധതികളും പൂർത്തീകരിക്കേണ്ടതുണ്ടെന്ന് വിശ്വാസ് മേത്ത മോണിംഗ് ഷോയിൽ പറഞ്ഞു.

ഐഎഎസുകാരനായ വിശ്വാസ് മേത്തയ്ക്ക് ആദ്യം ലഭിച്ചത് ഐപിഎസ് ആയിരുന്നു. അന്ന് കാക്കി യൂണിഫോമിൽ
ഋഷി രാജ് സിംഗ്, ലോക്‌നാഥ് ബെഹ്ര എന്നിവരക്കൊപ്പമായിരുന്നു പരിശീലനം. അവരായിരുന്നു അദ്ദേഹത്തിന്റെ ബാച്ച് മേറ്റ്‌സ്. പിന്നീടാണ് വിശ്വാസ് മേത്തയ്ക്ക് ഐഎഎസ് ലഭിക്കുന്നത്.

Read Also : ‘ആദ്യം ട്രോളിയത് ഭർത്താവ്’; ഓൺലൈൻ അധ്യയന വിശേഷങ്ങൾ പങ്കുവച്ച് സായ് ശ്വേത മോണിംഗ് ഷോയിൽ

1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത ജന്മം കൊണ്ട് രാജസ്ഥാനിയാണെങ്കിലും കേരളം തന്റെ കർമ ഭൂമിയാണെന്ന് മോണിംഗ് ഷോയിൽ പറഞ്ഞു. 1987 ൽ കൊല്ലം അസിസ്റ്റന്റ് കളക്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഇടുക്കിയിലും വയനാട്ടിലും കളക്ടറായി ജോലി നോക്കി. ശേഷം റെവന്യൂ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി, മിൽമ ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. കേരളത്തി മടങ്ങി വന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കൊവിഡ് പോരാട്ടത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ : ‘കേരളം 20-30 വർഷം മുമ്പിലാണ് കേരളം. രാജ്യത്ത് ആദ്യം വാക്‌സിൻ വന്നത് കേരളത്തിലാണ്. ഇവടുത്തെ ആരോഗ്യ രംഗം മുമ്പിലാണ്. ഇവിടുത്തെ ജനങ്ങൾക്ക് കാര്യ വിവരമുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് പോരാട്ടത്തിൽ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കം’.

സെന്റിനൽ സർവേ പ്രകാരം നിലവിൽ കേരളത്തിൽ സമൂഹവ്യാപനമില്ലെന്നും, രോഗ വ്യാപനത്തെ പിടിച്ചുകെട്ടാൻ സംസ്ഥാനത്തിനാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടിയിട്ടുണ്ട് വിശ്വാസ് മേത്ത. കൊമേഴ്‌സ ആന്റ് ബിസിനസ് മാനേജ്‌മെന്റിലായിരുന്നു വിശ്വാസ് മേത്തയുടെ പിഎച്ച്ഡി. ടൂറിസത്തിലായിരുന്നു സ്‌പെഷ്യലൈസേഷൻ. കുടുംബം-ഭാര്യയും രണ്ട് മക്കളുമുണ്ട്.

Story Highlights- viswas mehta kerala health secretary during chikungunya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top