ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് വഴിയൊരുങ്ങിയത്.
1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്‌പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്‌സ്‌പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിന് നികുതി വകുപ്പിന്റെ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. ഇവിടെ നിന്നാണ് ശാരദാ മുരളീധരന്റെ പിന്‍ഗാമിയായി ചീഫ് സെക്രട്ടറി പദത്തിലേക്ക് ജയതിലകെത്തുന്നത്.
Read Also: പഹൽഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു
ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് എ ജയതിലക് ട്വന്റിഫോറിനോട് പറഞ്ഞു. നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളോടും സര്‍ക്കാരിനോടും നന്ദിയും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ IAS പോരില്‍ എന്‍.പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ. ജയതിലകുമായിട്ടാണ്. എ ജയതലകിനെതിരെ വ്യക്തിപരമായി പോലും വലിയ വിമര്‍ശനം എന്‍.പ്രശാന്ത് ഉയര്‍ത്തിയിട്ടുണ്ട്. ജയതിലക് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് എന്‍.പ്രശാന്തിന് സര്‍വീസില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ജയതിലക് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായി മാറുമ്പോള്‍ ഐഎഎസ് തലപ്പത്തെ പോരില്‍ ആകാംക്ഷയേറും.
Story Highlights : Dr. A. Jayathilak will be the next Chief Secretary of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here