‘ആദ്യം ട്രോളിയത് ഭർത്താവ്’; ഓൺലൈൻ അധ്യയന വിശേഷങ്ങൾ പങ്കുവച്ച് സായ് ശ്വേത മോണിംഗ് ഷോയിൽ

online class teacher sai swetha interview

ഒറ്റ വീഡിയോ കൊണ്ട് ഏറെ ചർച്ചയായ വ്യക്തിയാണ് അധ്യാപിക സായ് ശ്വേത. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി തങ്കു പൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥ പറഞ്ഞ സായ് ശ്വേതയെ തേടി ആദ്യം നല്ല ട്രോളുകൾ എത്തിയെങ്കിലും പിന്നീട് മോശം ട്രോളുകളുടെ രൂപത്തിലുള്ള സൈബർ ആക്രമണത്തിന് ഇരയാവുകയായിരുന്നു കുട്ടികളുടെ ഈ പ്രിയ അധ്യാപിക. എന്നാൽ ഈ ട്രോളുകളിലൊന്നും തളരാതെ തന്നെക്കൊണ്ടാവുന്ന രീതിയിൽ ഇനിയും കുഞ്ഞു മക്കൾക്കായി ക്ലാസെടുക്കുമെന്ന് പറയുകയാണ് സായ് ശ്വേത. ആർ ശ്രീകണ്ഠൻ നായർ നയിച്ചമോണിംഗ് ഷോയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു അധ്യാപികയുടെ പ്രതികരണം.

online class teacher sai swetha interview

ശ്വേത ടീച്ചർ കണ്ണുരുട്ടി പേടിപ്പിക്കുമെന്ന് സ്‌കൂളിൽ അല്ലെങ്കിലേ സംസാരമുണ്ട്. ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് പറഞ്ഞപ്പോൾ രസകരമായ രീതിയിൽ ആദ്യം ട്രോളിയത് ഭർത്താവ് തന്നെയാണ്. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ടീച്ചർ എന്ന രീതിയിലായിരുന്നു ഭർത്താവിന്റെ ട്രോൾ. പിന്നീട് വീഡിയോ പുറത്ത് വന്നതോടെയാണ് മറ്റ് ട്രോളുകൾ വരുന്നത്.

‘ആദ്യം വന്ന ട്രോളുകൾ ഞാൻ തന്നെയാണ് ഫേസ്ബുക്കിലും, വാട്ട്‌സ് ആപ്പിലുമൊക്കെ ഷെയർ ചെയ്തത്. തങ്കു പൂച്ചേ, മിട്ടു പൂച്ചേ എന്ന് കുറച്ച് ചെറുപ്പക്കാർ ഏറ്റ് വിളിക്കുന്നതായിരുന്നു ഇത്. രാത്രിയോടെയാണ് മോശം ട്രോളുകൾ വന്നത്. അതൊന്നും കണ്ടില്ല. ആദ്യം വന്ന ട്രോളുകൾ ഒരുപാട് ആസ്വദിച്ചാണ് കണ്ടത്. ട്രോൾ ചെയ്തവരോട് നന്ദിയേ ഉള്ളു. അവരുടെ ട്രോൾ കണ്ടാണ് പലരും വീഡിയോ തേടി പിടിച്ച് കണ്ടത്.’- സായ് ശ്വേത പറയുന്നു. ഇതിന് മറുപടിയായി നെഗറ്റീവ് ട്രോളുകൾ മനസിലേക്ക് എടുക്കരുതെന്ന ഉപദേശവും ശ്രീകണ്ഠൻ നായർ നൽകി.

online class teacher sai swetha interview

Read Also : ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

ഏറെ ആകസ്മികമായാണ് സായ് ശ്വേത ഓൺലൈൻ അധ്യയനത്തിലേക്ക് എത്തുന്നത്. അതേ കുറിച്ച് ശ്വേത ടീച്ചർ പറയുന്നതിങ്ങനെ :’ അധ്യാപികമാരുടെ ഒരു കൂട്ടായ്മയുണ്ട്. അതിന്റെ അഡ്മിൻ രതീഷ് മാഷിന് കഥ പറയുന്ന വീഡിയോ അയച്ചിരുന്നു. അത് കലാധരൻ മാഷിന് അയച്ച് കൊടുക്കുകയും, അത് അധ്യാപക കൂട്ടായ്മയുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തു. അത് കണ്ടിട്ടാണ് അധികൃതർ ഓൺലൈൻ ക്ലാസിനായി ബന്ധപ്പെടുന്നത്.’

കോഴിക്കോട് മേപ്പയ്യൂർ സ്വേദശിനിയാണ് സായ് ശ്വേത. അമ്മയും രണ്ട് ചേച്ചിമാരുമാണ് വീട്ടിലുള്ളത്. അച്ഛൻ മരിച്ചു. ഭർത്താവ് ദിലീപ് സൗദിയിലാണ്. ഒരുപാട് ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ജോലിയാണ് അധ്യാപനമെന്ന് സായ് ശ്വേത പറഞ്ഞു.

കുട്ടികൾക്ക് കഥകൾ മനസിലാകുന്ന രീതിയിൽ കഥയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു ശ്വേത ടീച്ചറുടെ ക്ലാസെടുക്കൽ. അഭിനയത്തെ കുറിച്ച് ശ്രീകണ്ഠൻ നായർ ചേദിച്ചപ്പോഴാണ് ചെറുപ്പത്തിൽ സിനിമാ നടിയാവണമെന്നായിരുന്നു ആഗ്രഹമെന്ന കാര്യം ടീച്ചർ വെളിപ്പെടുത്തുന്നത്. എന്നാൽ പിന്നീട് വലുതായപ്പോൾ അധ്യാപനം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷമായി അധ്യാപികയാണ് സായ് ശ്വേത. ഇനി അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായി അറിയില്ല എന്ന ഉത്തരമാണ് സായ് ശ്വേത നൽകിയത്.

കുഞ്ഞ് മക്കളുടെ മനസിൽ കയറാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ട്രോളുകളിലൊന്നും തളരാതെ തന്നെക്കൊണ്ടാവുന്ന രീതിയിൽ ഇനിയും കുഞ്ഞു മക്കൾക്കായി ക്ലാസെടുക്കുമെന്നും സായ് ശ്വേത പറയുന്നു.

Story Highlights- online class teacher sai swetha interview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top