തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ല്; കെഎസ്‌യു നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചതായും പരാതി

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം പട്ടാപ്പകല്‍ ഏറ്റുമുട്ടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ ഇ റിഹാസിന്റെയും, കെഎസ്‌യുസംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെയും സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വര്‍ക്കലയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിക്കിടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. കെഎസ്‌യു നേതാവ് നബീല്‍ കല്ലമ്പലത്തെ വീട്ടില്‍ കയറി ആക്രമിച്ചതായും പരാതിയുണ്ട്. വടിവാളും, കല്ലേറുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം.
പ്രാദേശിക സംഘടനാ വിഷയങ്ങളും വിഭാഗീയതയും നാളുകളായി തുടരുന്നുണ്ടെങ്കിലും, വര്‍ക്കല മൈതാനത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയിലേക്ക്ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ ഇ റിഹാസിനെ ക്ഷണിക്കാത്തതാണ് ഇന്നത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണം. പരിസ്ഥിതി ദിന പരിപാടിക്കെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ വെച്ച് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലത്തിനെ, റിഹാസിന്റെ കൂട്ടാളികള്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. നബീല്‍ വര്‍ക്കല പൊലീസില്‍ പരാതിപ്പെട്ടതോടെ ആക്രമണത്തിന്റെ സ്വഭാവം മാറി. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ നബീലിന്റെ വീട്ടുപരിസരത്തേക്ക് ഇരുചക്രവാഹനങ്ങളിലും കാറിലുമായെത്തിയ എതിര്‍ സംഘം ആക്രമണം നടത്തി. നബീലിനൊപ്പം തമ്പടിച്ച സംഘം തിരിച്ചടിച്ചു. വടിവാളും, കല്ലേറുമായി അക്രമിസംഘങ്ങള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നബീല്‍ കല്ലമ്പലത്തിനെ വീട് കയറി അക്രമിച്ചതായും ,സംഘര്‍ഷത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റതായി നബീല്‍ പറഞ്ഞു.
നബീലും സംഘവും വര്‍ക്കലയിലെ പരിപാടിക്കിടെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് എതിര്‍ സംഘവും പറയുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഐഎന്‍ടിയുസി ബ്ലോക്ക് സെക്രട്ടറി നൈസാം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ഷെരീഫ്, അനസ് എന്നിവരാണ് പിടിയിലായത്. വധശ്രമം, വീട് കയറി ആക്രമണം, മാരകായുധങ്ങള്‍ ഉപയോഗിച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Story Highlights: Congress leaders clashed in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here