കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

മഴ തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മുട്ടയിട്ട് പെരുകുവാന്‍ സാധ്യത ഏറെയാണ്. അസുഖം മുന്‍പ് ബാധിച്ചവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ സ്ഥിതി സങ്കീര്‍ണമാകും.
രോഗപ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ജില്ലാ വെക്റ്റർ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഫോഗിംഗും സ്പ്രേയിംഗും നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ വാര്‍ഡുകളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കൊതുകു സാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ സ്‌ക്വാഡുകൾ ഉറവിട നശീകരണം ഊര്‍ജ്ജിതമാക്കി. ആരോഗ്യ വോളണ്ടിയര്‍മാരും ആശാ പ്രവർത്തകരും ഭവന സന്ദർശനം, ബോധവത്കരണം, ഉറവിട നശീകരണം എന്നീ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വീടിനുള്ളിൽ ചെടിച്ചെട്ടികളുടെ ട്രേ, ഫ്രിഡ്ജിന്‍റെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ലഷ് ടാങ്കുകൾ തുടങ്ങിയവ ആഴചയിലൊരിക്കലെങ്കിലും വെള്ളം മാറ്റി വൃത്തിയാക്കണം.
വീടിനു പുറത്ത് സൺ ഷേഡ്, ഉപയോഗശൂന്യമായ ടയറുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ജനാലകൾ കൊതുകുവല ഉപയോഗിച്ച് മറയ്ക്കുന്നതും കൊതുകുകളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുന്നതും ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങളാണ്. എലിപ്പനി ചികിത്സയുള്ള രോഗമാണെങ്കിലും ചികിത്സ വൈകുന്നത് കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കി മരണത്തിനിടയാക്കാം.
Read Also:സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യല്ലോ അലേർട്ട്
പനി, തലവേദന, കണ്ണിനു ചുവപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എലിപ്പനി കരളിനെ ബാധിച്ചാല്‍ മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. എലിപ്പനി മഞ്ഞപ്പിത്തമെന്നു ധരിച്ച് ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കാം.
മലിനജലത്തിൽ ഇറങ്ങുന്നവർ ഗ്ലൗസ്, ബൂട്ട് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണം. മലിന ജലത്തിൽ ജോലി ചെയ്യേണ്ടിവരുന്നവര്‍ ആഴചയിലൊരിക്കൽ 200 മില്ലിഗ്രാം വീതം ഡോക്സിസൈക്ലിൻ ഗുളിക അഞ്ചാഴ്ച കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
Story Highlights – dengue fever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here