കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവും

covid cases india

രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുകയാണ്. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 28000 പിന്നിട്ടു. 24 മണിക്കൂറിനിടെ 1438 പുതിയ കേസുകളും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 28,694 ഉം മരണം 232 ഉം ആയി. ചെന്നൈയില്‍ മാത്രം രോഗം പിടിപ്പെട്ടത് 19815 പേര്‍ക്കാണ്.

മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മദ്രാസ് ഹൈക്കോടതി ഈമാസം 30 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ജഡ്ജിമാര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സിറ്റിംഗ് നടത്തും. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 26000 വും മരണം എഴുനൂറും കടന്നു. 24 മണിക്കൂറിനിടെ 1330 പോസിറ്റീവ് കേസുകളും 25 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യമെന്ന പരാതികള്‍ ഡല്‍ഹി സര്‍ക്കാര്‍ നിഷേധിച്ചു.5000 കിടക്കകള്‍ തയാറാക്കി വച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഗുജറാത്തില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19200 ഉം മരണം 1190ഉം ആയി. പോര്‍ബന്ദര്‍ നേവല്‍ ബേസിലെ 16 നാവിക ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തടവുകാരന് രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് ഗുവാഹത്തി സെന്‍ട്രല്‍ ജയില്‍ പൂര്‍ണമായും സീല്‍ ചെയ്യുകയും കണ്ടെന്റ്‌മെന്റ് മേഖലയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ചണ്ഡീഗഡില്‍ ഒരു ബിഎസ്എഫ് ജവാന്‍ അടക്കം 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മീററ്റ് ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചു. ഇന്ന് സാമ്പിള്‍ നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Story Highlights: 9851 new covid cases recorded in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top