കോട്ടയത്തെ പദവി കൈമാറ്റം: പാലായിലെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് ജോസ് കെ മാണി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരമായില്ല. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ മാണി. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗവുമായി ധാരണയില്ലെന്നും പാലായിലെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാനാകില്ലെന്നും ജോസ് കെ മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. രാജിവയ്ക്കാന്‍ പി ജെ ജോസഫ് മുന്നോട്ടുവച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

ജോസ് കെ മാണിയും പി ജെ ജോസഫും നിലവില്‍ നിലപാടില്‍ അയവ് വരുത്തിയിട്ടില്ല. പാര്‍ട്ടി രണ്ടായി പിരിഞ്ഞതിന് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും പിന്നീടുള്ള ആറ് മാസം ജോസഫ് വിഭാഗത്തിനും എന്ന് ധാരണയായിരുന്നു. എന്നാല്‍ 10 മാസം പിന്നിടുമ്പോഴും ജോസ് കെ മാണി വിഭാഗം സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതാണ് നിലവില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Story Highlights: Jose K Mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top