കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ സ്‌പെയിനിനെ മറികടന്നു. ആകെ പോസിറ്റീവ് കേസുകൾ 246628 ആയി. തുടർച്ചയായ നാലാം ദിനവും കൊവിഡ് കേസുകൾ 9000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. മരണം 3000 കടന്നു.

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 9971 പോസിറ്റീവ് കേസുകളും 287 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള റെക്കോർഡ് വർധനയാണിത്. ഇതുവരെ 6929 പേർ മരിച്ചു. ഇന്നലെ ഇറ്റലിയെ മറികടന്നപ്പോൾ ഇന്ന് സ്‌പെയിനിന്റെ കണക്കുകളെയും പിന്നിലാക്കി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ കർണാടക, ബീഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് 84 ശതമാനം കേസുകളും 95 ശതമാനം മരണവും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 6929 മരണങ്ങളിൽ 6500ൽ അധികവും റിപ്പോർട്ട് ചെയ്തത് ഈ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.

അതേസമയം, 119292 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 48.36 ശതമാനമായി ഉയർന്നു. ഇതുവരെ 46,66,386 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്രയിൽ ആകെ പോസിറ്റീവ് കേസുകൾ 85975 ആയി. ഇതുവരെ 3060 പേർ മരിച്ചു. 24 മണിക്കൂറിനിടെ 3007 പുതിയ കേസുകളും 91 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ പോസിറ്റീവ് കേസുകൾ 48549ഉം മരണം 1636ഉം ആയി. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 31,000വും ഗുജറാത്തിൽ 20,000വും കടന്നു.

Story highlight: India ranks Covid fifth in the country

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top