തിങ്കളാഴ്ച മുതൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്ന് നിർദേശം

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ നിർദേശം. മുഴുവൻ ജീവനക്കാരും ജോലിക്കെത്തണമെന്നും നിർദേശത്തിൽ പറയുന്നു.

സർക്കാർ ഓഫീസുകൾക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളും, അർധസർക്കാർ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്ഥാപനങ്ങൾ അതത് ജില്ലയിലെ ഏറ്റവു കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം/സെറിബ്രൽ പാൾസി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ജോലിയിൽ നിന്ന് പരമാവധി ഒഴിവാക്കണം. ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണം. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കില്ലയെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, കെട്ടിക്കിടക്കുന്ന ഫയലുകൾ ഓഫീസ് അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തി വേഗത്തിൽ തീർപ്പാക്കണമെന്നും ഓഫീസുകളിലെത്താൻ കഴിയാതെ അതാത് ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്ന ജീവനക്കാർ കളക്ട്രേറ്റിൽ നിന്ന്‌ വിടുതൽ സർട്ടിഫിക്കറ്റ് ഓഫീസുകളിൽ ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Story highlight: The directive was to open all government offices from Monday

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top