ലോക്ക് ഡൗണിൽ കുട്ടികളെ കടത്തുന്നതിൽ വർധനയെന്ന് എൻജിഒ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

ലോക്ക് ഡൗൺ കാലയളവിൽ കുട്ടികളെ കടത്തുന്നത് വർധിച്ചെന്ന പരാതിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടീസ്. ബച്പൻ ബച്ചാവോ ആന്ദോളൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. ബാലവേലയ്ക്ക് വിധേയമാക്കിയിരുന്ന കുട്ടികൾ ഇപ്പോൾ ഗ്രാമങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയൊരു ചൂഷണത്തിന് കുട്ടികളെ വിട്ടുകൊടുക്കരുതെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കുട്ടികളെ കടത്തുന്നതിൽ പെട്ടെന്ന് വൻവർധനയുണ്ടായെന്നാണ് സംഘടന ആരോപിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. വിഡിയോ കോൺഫറൻസിലൂടെയായിരുന്നു വാദം. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഹൃഷികേഷ് റോയ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വിഷയത്തിൽ ഇടപെടാൻ കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ കമ്മറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോടും കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ഇന്നത്തെ പ്രധാന വാർത്തകൾ (08-06-2020)
മുതിർന്ന അഭിഭാഷകനായ എച്ച് എസ് ഫൂൽക്കയാണ് എൻജിഒയ്ക്ക് വേണ്ടി ഹാജരായത്. പ്രോ ആക്ടീവ് സമീപനം എല്ലാ ജില്ലാ ഭരണകൂടങ്ങളും ഇതിൽ ചെലുത്തണമെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കോടതി വിഷയം പരിഗണിക്കും. കുട്ടികൾ ദുരുപയോഗപ്പെടാതിരിക്കുന്നത് ഉറപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു.
child tradfficking, ngo, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here