അഞ്ജുവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോപ്പി അടിച്ചെന്ന ആരോപണത്തെ തുടർന്ന് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ജു പി. ഷാജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരുക്കുകളില്ലെന്നും മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, അഞ്ജുവിന്റെ മരണ കാരണം അന്വേഷിക്കാൻ എംജി സർവകലാശാല ഡോ. എം.എസ്.മുരളി, ഡോ. അജി സി. പണിക്കർ, പ്രൊഫ. വി.എസ്.പ്രവീൺകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.
കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകളായ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് ചെമ്പിളാവിൽ സമീപം നദിയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതൽ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അഞ്ജുവിന് ചേർപ്പുങ്കൽ ബിവിഎം കോളജാണ് പരീക്ഷ കേന്ദ്രമായി ലഭിച്ചത്. ശനിയാഴ്ച നടന്ന പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചതിനെ തുടർന്നാണ് പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടതെന്നായിരുന്നു കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സംഭവത്തെ തുടർന്ന് കോളജിൽ നിന്ന് ഇറങ്ങിയ അഞ്ജു വീട്ടിലെത്തിയിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അഞ്ജുവിന്റെ മൃതദേഹം ചെമ്പിളാവിൽ കണ്ടെത്തിയത്.
Story highlight: anju p shaji postmortom report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here