കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രം ആക്കി മാറ്റും

kollam district hospital covid

കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ കൂടുതൽ മുൻകരുതലുകളുമായി കൊല്ലം ജില്ലാ ഭരണകൂടം. കൊല്ലം ജില്ലാ ആശുപത്രി ഈ മാസം 20 മുതല്‍ കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ 500 കിടക്കകൾ ഏർപ്പെടുത്തും.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 20 മുതല്‍ കൊല്ലം ജില്ലാ ആശുപത്രി കൊവിഡിനുവേണ്ടി മാത്രമുള്ള ചികിത്സാകേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചത്. ജില്ലാ ആശുപത്രിയില്‍ 50 പേവാര്‍ഡുകളാണുള്ളത്. ഇതിന് പുറമെ മറ്റ് വാര്‍ഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300 കിടക്കകളാണുള്ളത്. ഇത് 500 കിടക്കകളാക്കി വിപുലീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.

Read Also: കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

ഗവ. വിക്ടോറിയ ആശുപത്രിയില്‍ ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ന്മെന്റ് മേഖലകളില്‍ നിന്നും ക്വാറന്റൈന്‍ കാലയളവില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കായി കൂടുതല്‍ മിനി ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജീകരിച്ചു. പ്രത്യേക ലേബര്‍ റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ നിലവിലുള്ള കിടപ്പുരോഗികളെ മറ്റ് രണ്ട് താലൂക്ക് ആശുപത്രികളിലേയ്ക്ക് മാറ്റാനാണ് തീരുമാനം. അതേസമയം കാത്ത്‌ലാബ്, കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുള്ള സംവിധാനത്തില്‍ ജില്ലാ ആശുപത്രിയില്‍ തുടരും.

കൊല്ലം ജില്ലയില്‍ ഇന്നലെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചു പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ജില്ലയിലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രണ്ടു പേര്‍ രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് വീടുകളിലേക്ക് മടങ്ങി.

Story highlights: kollam district hospital covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top