കൊട്ടാരക്കര താലൂക്കാശുപത്രിയുടെ സമഗ്രവികസനത്തിന് 91കോടി രൂപയുടെ പദ്ധതികൾ

K K SHAILAJA

കൊട്ടാരക്കര താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിനായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിം​ഗിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മികവുറ്റ പൊതുജനാരോഗ്യ സംവിധാനമുള്ളതിനാലാണ് കൊവിഡ് 19 നെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചത്. ലോകരാജ്യങ്ങള്‍ പോലും കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ നോക്കിക്കാണുകയും കേരളത്തിന്റെ മാതൃക സ്വീകരിക്കുകയുമുണ്ടായി. ആരോഗ്യ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവും കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. കൃത്യമായ ജാഗ്രത, നിരീക്ഷണ സംവിധാനം, പരിശോധന, ചികിത്സ എന്നിവയിലെ മികവുകൊണ്ടാണ് സംസ്ഥാനം സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കാതിരുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കുമ്പോള്‍ മറ്റു രോഗവുമായി എത്തുന്നവര്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായി. കൊടിക്കുന്നില്‍ സുരേഷ് എംപി, ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍, കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമള അമ്മ, വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിം​ഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷംല, കൗണ്‍സിലര്‍മാരായ സി മുകേഷ്, എസ് ആര്‍ രമേശ്, ആശുപത്രി ജീവനക്കാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: 91 crore projects for the comprehensive development of Kottarakkara Taluk Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top