‘നിവേദിത ലൗ ജിഹാദിന്റെ ഇരയല്ല’: കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച മകളെ കുറിച്ച് പിതാവ്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട നിവേദിത അറക്കൽ ലൗ ജിഹാദിന്റെ ഇരയല്ലെന്ന് പിതാവ് ഷാജി ജോസഫ് അറക്കൽ. തന്റെ മകൾ നിയമപരമായി രജിസ്റ്റർ ചെയ്ത് സന്തോഷത്തോടെ ജീവിച്ചു പോരുകയായിരുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.
ഷാജി ജോസഫ് അറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020-ൽ പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകൾ നിവേദിത അറക്കൽ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസിൽ പഠിച്ചുകൊണ്ടിരിക്കെ, അമീൻ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റർ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവൾ.
മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭർത്താവായ അമീനിന്റേത്. എന്റെ മകൾ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങൾ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവർ ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാർഥ്യങ്ങൾ അറിവുള്ളവരാണ്.
ഞങ്ങളുടെ ഇടവക സെമിത്തേരിയിൽ അവളെ അടക്കം ചെയ്യാൻ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്കാര ശുസ്രൂഷകൾ പൂർണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവർ മലപ്പുറത്തേക്ക് മടങ്ങിയത്.
ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പട്ടാമ്പി-കുന്നംകുളം പാതയിൽ കാറുകൾ കൂട്ടിയിടിച്ച് നിവേദിത മരണപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. പെരിന്തൽമണ്ണ പൂപ്പലം മാനത്തുമംഗലം കാളിപ്പാടൻ അമ്മിണിക്കാട്ട് അമീൻ ആണ് ഭർത്താവ്.
Story Highlights- Nivedita arakkal is not a victim of love jihad says father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here