കൊറോണാ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ വീട്ടമ്മ മരിച്ചതായി പരാതി

കൊറോണാ നിരീക്ഷണത്തിന്റെ പേരില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗിയായ വീട്ടമ്മ മരിച്ചതായി ബന്ധുക്കളുടെ പരാതി. മുണ്ടൂര്‍ സ്വദേശി പത്മിനി അമ്മയാണ് ചികിത്സ ലഭിക്കാതെ മരിച്ചതായി ബന്ധുക്കള്‍ പരാതിപ്പെടുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ വന്ന് പരിശോധിക്കുക പോലും ചെയ്തില്ലെന്നും ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ഞായറാഴ്ചയാണ് മുണ്ടൂര്‍ സ്വദേശിയായ 61 വയസുകാരി പത്മിനി അമ്മയെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗി വന്നത് ഹോട്ട്‌സ്‌പോട്ട് പ്രദേശത്തുനിന്ന് ആയതിനാല്‍ കൊറോണ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഏറെ സമയത്തിനുശേഷം കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ പരിശോധിക്കാന്‍ പോലും വന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് ഡോക്ടര്‍ വന്ന് രോഗിയെ പരിശോധിക്കുന്നതും ഐസിയുവിലേക്ക് മാറ്റിയതുമെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ രോഗി മരിക്കുകയും ചെയ്തു. പത്തുവര്‍ഷമായി പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖം എന്നിവയ്ക്ക് പത്മിനി അമ്മ ചികിത്സയിലാണ്. കൊറോണയുടെ പേരില്‍ മറ്റ് അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാത്ത സ്ഥിതിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിച്ച പത്മിനി അമ്മയുടെ സ്രവം പരിശോധനയ്ക്ക് എടുത്ത് അഞ്ചു ദിവസം പിന്നിട്ടുവെങ്കിലും, ഇതുവരെ പരിശോധനാഫലം വന്നിട്ടില്ല. ഇത് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കൂ.
Story Highlights: housewife not received proper treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here