അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു

Atlanta Police

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്നു. 27 വയസുള്ള റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് ആണ് കൊല്ലപ്പെട്ടത്. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങും മുമ്പാണ് പുതിയ സംഭവം.

സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ഇന്നലെ രാത്രിയാണ് യുവാവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച വെടിവയ്പുണ്ടായത്. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാര്‍ഡ് ബ്രൂക്കും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റെയ്ഷാര്‍ഡിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം.

അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ക്‌സും പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്നാണ് പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഇയാള്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പൊലീസുകാരില്‍ ഒരാള്‍ ഇയാള്‍ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്രൂക്‌സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്‌ലാന്റ പൊലീസ് ചീഫ് എറിക്ക ഷീല്‍ഡ്‌സ് എന്ന വനിതാ ഉദ്യോഗസ്ഥ രാജിവെച്ചു. അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് കൊല നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്.

Story Highlights: Atlanta Police Chief Shoots and Kills a Black Man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top