കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ പി.ജെ. ജോസഫിന് അര്‍ഹതയില്ല: ജോസ് ടോം

kerala congress m

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിക്കായി സമ്മര്‍ദ്ദം ചെലുത്താന്‍ പി.ജെ. ജോസഫിന് അര്‍ഹതയില്ലെന്ന് പാലായില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. ജോസഫിനെ തിരികെയെടുത്തത് കെ.എം. മാണിക്ക് പറ്റിയ തെറ്റാണെന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ചാക്കിട്ട് പിടിച്ചത് നാണമില്ലാത്ത നടപടിയെന്നും വിമര്‍ശനം. യുഡിഎഫ് നേതൃത്വം തര്‍ക്കപരിഹാരത്തിന് ഇടപെടല്‍ നടത്തുന്നതിനിടെയാണ് ജോസഫിനെതിരെ വിമര്‍ശനങ്ങളുമായി ജോസ് വിഭാഗം രംഗത്തെത്തിയത്.

പാലായിലെ പരാജയത്തിന് കാരണം പി.ജെ. ജോസഫാണെന്ന് ആവര്‍ത്തിച്ച ജോസ് ടോം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കെ.എം. മാണിയുടെ ഔദാര്യത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ജോസഫ് നാണംകെട്ട നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിമര്‍ശനം. മുമ്പ് ജോസ് വിഭാഗത്തില്‍ ഉണ്ടായിരുന്ന രണ്ട് മെമ്പര്‍മാര്‍ ജോസഫിനൊപ്പം പോയത് ചതിയാണ്. ജോസ് ഗ്രൂപ്പ് സ്വന്തം തട്ടകമായ കോട്ടയത്ത് പ്രസിഡന്റ് പദവി ഒഴിയേണ്ടതില്ലെന്നും പി. ജെ. ജോസഫ് പഴയ കാര്യങ്ങള്‍ മറക്കരുത് എന്നും ജോസ് ടോം പറഞ്ഞു.

യുഡിഎഫ് ഇടപെട്ട് ജോസ് കെ. മാണിയുടെ നിലപാടിന് അയവ് വരുത്തുമെന്ന പി.ജെ. ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ജോസ് ടോമിന്റെ വിമര്‍ശനം. ഇതോടെ രാജി ഉണ്ടാകില്ലെന്നും, തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നുമാണ് സൂചന.

Story Highlights: Kottayam district panchayat president

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top