എന്റെ കരിയറും ജീവിതവും തകർത്തത് സൽമാൻ ഖാൻ കുടുംബം; ആരോപണവുമായി ദബാങ് സംവിധായകൻ

തന്റെ കരിയറും ജീവിതവും തകർത്തത് സൽമാൻ ഖാൻ കുടുംബമെന്ന ആരോപണവുമായി ദബാങ് സിനിമയുടെ സംവിധായകൻ അഭിനവ് സിംഗ് കശ്യപ്. 2010ൽ ദബാങ് ഇറക്കിയതിനു ശേഷം സൽമാൻ ഖാന്റെ കുടുംബം തന്റെ കരിയർ തകർത്തു എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നത്. പരിഹാസവും ബുള്ളിയിംഗും തന്റെ മാനസികാരോഗ്യത്തെ തകർത്തു എന്നും അദ്ദേഹം പറയുന്നു.
“ദബാങ് 2 സംവിധാനം ചെയ്യുന്നതിൽ നിന്ന് ഞാൻ പിന്മാറിയതിനു പിന്നിൽ (സൽമാന്റെ സഹോദരൻ) അർബാസ് ഖാനാണ് കാരണം. (സൽമാന്റെ മറ്റൊരു സഹോദരൻ) സൊഹൈൽ ഖാനുമായി ചേർന്ന് അവർ എന്റെ കരിയർ നിയന്ത്രണത്തിലാക്കാനും എന്നെ പരിഹസിക്കാനും തുടങ്ങി. എന്റെ രണ്ടാമത്തെ പ്രൊജക്ട് അർബാസ് ഖാനാണ് തകർത്തത്.
അഷ്ടവിനായക് സിനിമയുടെ തലവൻ രാജ് മെഹ്തയെ ഫോണിൽ വിളിച്ച് ഞാനുമായി സിനിമ ചെയ്യരുതെന്ന് അവർ ഭീഷണിപ്പെടുത്തി. അതേ തുടർന്ന് അഷ്ടവിനായകിനു പണം തിരികെ നൽകി വയാകോമിനെ സമീപിച്ചു. അപ്പോഴും അവർ അത് തന്നെ ചെയ്തു. വയാകോം സി ഇ ഒ വിക്രം മൽഹോത്രയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് സൊഹൈൽ ഖാൻ ആയിരുന്നു. അവർക്കും പണം തിരികെ നൽകി. തുടർന്ന് റിലയൻസ് എന്റെ രക്ഷക്കെത്തുകയും ബേഷരം എന്ന ചിത്രം ഞാൻ പുറത്തിറക്കുകയും ചെയ്തു.”- അഭിനവ് പറയുന്നു.
സൽമാന്റെ കുടുംബം തന്റെ ഭാര്യയെയും മറ്റ് കുടുംബക്കാരായ സ്ത്രീളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. അത് വഴി തന്റെ മാനസികാരോഗ്യം തകരുകയും 2017ൽ അത് തന്റെ വിവാഹമോചനത്തിലേക്ക് വഴി തെളിക്കുകയും ചെയ്തു. ഇതു കൊണ്ടൊന്നും പരാജയപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.
Story Highlights- Salman khan family destroyed my career and life says dabaang director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here