കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു. മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ പടിയൂർ സ്വദേശി കെ പി സുനിലാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ഇരുപത്തിയെട്ടുകാരനായ സുനിൽ. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 21 ആയി. സുനിലിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചു. പടിയൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഊരത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം.
ജൂൺ 12നാണ് സുനിലിന് പനി അനുഭവപ്പെട്ടത്. പതിനാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ ഡ്രൈവറാണ് സുനിൽ. റിമാന്റ് പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയും തോട്ടടയിലെ നിരീക്ഷണ കേന്ദ്രവും സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് എക്‌സൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ സ്വകാര്യ ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു സുനിൽ. മട്ടന്നൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പതിനെട്ട് ജീവനക്കാരടക്കം അൻപതോളം പേർ നിരീക്ഷണത്തിലാണ്.
Read Also: ആലപ്പുഴയിൽ വയോധിക മരിച്ച നിലയിൽ; പാമ്പുകടിയേറ്റെന്ന് സംശയം
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെഇന്ന് രാവിലെ 9.55നായിരുന്നു സുനിലിന്റെ മരണം. പതിനാലാം തീയതി മുതൽ കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലായിരുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാവുകയും പിന്നീട് നില വഷളാവുകയുമായിരുന്നു. ഇയാളുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് ഗുരുതരമായ അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. തീവ്രതയേറിയ വൈറസാണ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗ ഉറവിടം കണ്ടെത്താനായി പ്രത്യക മെഡിക്കൽ സംഘത്തെയും നിയോഗിച്ചു.
kannur, covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here