കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥൻ

kannur 28 year old excise officer covid death

കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം. 28 വയസ് മാത്രം പ്രായമായ പടിയൂർ സ്വദേശി കെപി സുനിൽ എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്‌സൈസ് ഓഫിസിലെ ഡ്രൈവറാണ് മരിച്ച സുനിൽ.

മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച വ്യക്തി. എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടർന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്. ജൂൺ 14-ാം തിയതി ഇരിക്കൂറിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

കടുത്ത ന്യുമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റ് അസുഖങ്ങളൊന്നുമില്ലാതെ കൊവിഡ് ബാധകൊണ്ട് മാത്രം മരിക്കുന്ന സംസ്ഥാനത്തെ ആദ്യ വ്യക്തിയാണ് സുനിൽ.

ബസ് ഡ്രൈവറായും ലോറി ഡ്രൈവറായുമെല്ലാം ജോലി നോക്കിയിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം നവംബർ 12നാണ് എക്‌സൈസ് വകുപ്പിൽ ജോലി നേടുന്നത്.

ഇതോടെ കണ്ണൂരിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്‌സൈസ് ഓഫിസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂർ റേഞ്ച് ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ ഉത്തരവിട്ടിട്ടുണ്ട്.

Story Highlights- kannur, 28 year old excise officer, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top