കുഞ്ഞുങ്ങളെ ഞാൻ മിസ് ചെയ്യുന്നു; സുഖമായി വരികയാണ്: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഷാഹിദ് അഫ്രീദി പറയുന്നു

മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് പോസിറ്റീവായെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനിലൂടെ നിരവധി ആളുകൾക്ക് കൊവിഡ് കാലത്ത് സഹായമെത്തിച്ച താരം ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. താരത്തിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മട്ടിൽ കഴിഞ്ഞ ദിവസം ചില പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെയൊക്കെ തള്ളി ഇപ്പോൾ അഫ്രീദി രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരത്തിൻ്റെ പ്രതികരണം.
“ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, അവസ്ഥ മാറിവരികയാണ്. കുട്ടികളെ നോക്കാനും അവരെ ആലിംഗനം ചെയ്യാൻ കഴിയാത്തതുമാണ് ഏറെ വിഷമകരം. അവരെ ഞാൻ മിസ് ചെയ്യുന്നു. പക്ഷേ, നമുക്ക് ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാൻ ഇങ്ങനെ മുൻകരുതലുകൾ നമുക്ക് ആവശ്യമാണ്. എൻ്റെ ആരോഗ്യ നിലയെ സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാൻ വന്നത്. ഇതിൽ ഒന്നും പേടിക്കാനില്ല. രോഗത്തിനെതിരെ നമ്മൾ പോരാടുക തന്നെ വേണം. അല്ലാതെ അതിനെ തോല്പിക്കാനാവില്ല. നിങ്ങളുടെ കരുതലിനും പ്രാർത്ഥനക്കും നന്ദി. പാകിസ്താനിലും പുറത്തും എനിക്കായി ഒട്ടേറെ ആളുകൾ പ്രാർത്ഥിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാവരും തയ്യാറാവണം”- അഫ്രീദി പറയുന്നു.
കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights- shahid afridi covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here