ശ്രീശാന്ത് ഈ വർഷം രഞ്ജി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ

 sreesanth may play ranji

ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ തരം എസ് ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു. സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന താരം ഉടൻ തന്നെ ക്യാമ്പിൽ എത്തിയേക്കും. കഴിഞ്ഞ ഏതാനും സീസണുകളായി കേരളത്തിൻ്റെ കുന്തമുന ആയിരുന്ന പേസർ സന്ദീപ് വാര്യർ തമിഴ്നാട്ടിലേക്ക് ടീം മാറിയതിനു പിന്നാലെയാണ് കെസിഎയുടെ വെളിപ്പെടുത്തൽ.

“സെപ്തംബറിലെ വിലക്ക് തീർന്നാൽ ശ്രീശാന്തിനെ കേരള ക്യാമ്പിലേക്ക് വിളിക്കും. ശ്രീശാന്തിൻ്റെ തിരിച്ചു വരവ് ടീമിനു നേട്ടമാണ്. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പ”- കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.

Read Also: ചേർത്തുപിടിച്ചത് ലക്ഷ്മണും സെവാഗും മാത്രം; മറ്റുള്ളവർ അകറ്റി നിർത്തി: ശ്രീശാന്ത്

7 വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷണൽ ക്രിക്കറ്റിൽ മടങ്ങി എത്തുന്നത്. 37കാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. ഇതേ തുടർന്ന് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ ശ്രീ ഒത്തുകളിയിൽ പങ്കാളിയായതായി തെളിവില്ലാത്തതിനാൽ സുപ്രിം കോടതി താരത്തെ വെറുതെ വിട്ടു. പക്ഷേ, ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായില്ല. തുടർന്ന് ശ്രീ സുപ്രിം കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് വിലക്ക് 7 വർഷമാക്കി കുറച്ചത്.

എംഎസ് ധോണിക്ക് കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും പങ്കായ താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റുകളിൽ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളിൽ 75 വിക്കറ്റും നേടിയ ശ്രീശാന്ത് ആഭ്യന്തരം മത്സരങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

Story Highlights: sreesanth may play ranji this year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top