ചേർത്തുപിടിച്ചത് ലക്ഷ്മണും സെവാഗും മാത്രം; മറ്റുള്ളവർ അകറ്റി നിർത്തി: ശ്രീശാന്ത്

വാതുവെയ്പ് വിവാദത്തിൽ പെട്ട് കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ദേശീയ ടീമിൽ ഒപ്പം കളിച്ചവരൊക്കെ അകറ്റി നിർത്തിയെന്ന് മലയാളി താരം എസ് ശ്രീശാന്ത്. അപ്പോഴും ചേർത്ത് പിടിച്ചതും സമാധാനിപ്പിച്ചതും വീരേന്ദർ സെവാഗും വിവിഎസ് ലക്ഷ്മണും ആയിരുന്നു എന്നും ശ്രീ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് മനസ്സു തുറന്നത്.
Read Also: രോഹിതിന് ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ കഴിയില്ല; ശ്രീശാന്ത്
“വിവാദത്തിൽപ്പെട്ട് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് മിക്ക താരങ്ങളും പൊതുവേ എന്നെ അകറ്റി നിർത്തിയിരുന്നു. ബന്ധം നിലനിർത്തിയത് വീരു ഭായ് (സേവാഗ്), ലക്ഷ്മൺ ഭായ് എന്നിവരും വേറെ രണ്ടു മൂന്നു താരങ്ങളും മാത്രമാണ്. ഞാനുമായി ബന്ധപ്പെട്ട് കേസും മറ്റ് കോടതി നടപടികളും നടക്കുന്ന സമയമായതു കൊണ്ട് അവരുടെ ആശങ്കയെന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഞാനും ഒന്നിനും പോയില്ല. എന്തായാലും കഴിഞ്ഞ ഏതാനും വർഷങ്ങള്‍ക്കിടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. ഇപ്പോള്‍ ഞാൻ ഒട്ടേറെ താരങ്ങളോട് സംസാരിക്കാറുണ്ട്. അടുത്തിടെ ട്വിറ്ററിൽ സച്ചിൻ പാജിയോട് (തെണ്ടുൽക്കർ) സംസാരിച്ചിരുന്നു. വീരു പാജിക്ക് (സേവാഗ്) സ്ഥിരമായി മെസേജ് അയയ്ക്കാറുണ്ട്. ഗൗതം ഗംഭീറിനെ അടുത്തിടെ നേരിട്ടു കണ്ടിരുന്നു” – ശ്രീശാന്ത് വെളിപ്പെടുത്തി.
Read Also: തിരിച്ചു വരവിന്റെ പാതയിൽ ശ്രീശാന്ത്; തകർപ്പൻ ഔട്ട്സ്വിങ്ങറിൽ സച്ചിൻ ബേബി ക്ലീൻ ബൗൾഡ്: വീഡിയോ
ഇന്ത്യൻ ടീമിൽ ഇനിയും കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ലോക റ്റെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. അതിനായി കേരള ടീമിൽ ഇടം പിടിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. അവിടെ നന്നായി ചെയ്യാനായാൽ ദേശീയ ടീമിൽ മടങ്ങിയെത്താനാവും. ഒരു ദിവസം ഇന്ത്യൻ ജഴ്സിയണിയാമെന്നു തന്നെ കരുതുന്നു എന്നും ശ്രീശാന്ത് പറഞ്ഞു.
നീണ്ട വിചാരണകള്‍ക്കൊടുവില്‍ 2013 -ലെ ഐപിഎല്‍ വാതുവെയ്പ്പു കേസിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. ഇതോടെ ശ്രീശാന്ത് നീതി തേടി സുപ്രിം കോടതിയിലെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താരത്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി ചുരുക്കിയത്. അടുത്തവര്‍ഷം സെപ്തംബറില്‍ ശ്രീശാന്തിൻ്റെ വിലക്ക് നീങ്ങും.
Story Highlights: sreesanth sehwag laxman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here