സഞ്ജുവിനെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പരസ്യ വിമര്‍ശനങ്ങളില്‍ സഞ്ജു സാംസണെ പിന്തുണച്ച എസ് ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. സഞ്ജുവിനെ ക്രൂശിക്കരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു കെസിഎ വിഷയത്തില്‍ ശ്രീശാന്തിന്റെ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ശ്രീശാന്തിന്റെ ഈ പരാമര്‍ശം പൊതുസമൂഹത്തിന് മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണെന്നാണ് വക്കീല്‍ നോട്ടീസിലെ പരാമര്‍ശം. ശ്രീശാന്ത് പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാകണമെന്നാണ് നോട്ടീസിലെ ആവശ്യം. (KCA legal notice to S Sreesanth in sanju samson issue)
സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം സെയ്‌ലേഴ്‌സിന്റെ സഹ ഉടമ എന്ന നിലയ്ക്ക് ചട്ടലംഘനം നടത്തിയെന്നാണ് കെസിഎയുടെ ആരോപണം. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ശ്രീശാന്ത് ഏഴ് ദിവസത്തിനകം വക്കീല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ ചൂണ്ടിക്കാട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിജയ ഹസാരെ ട്രോഫിക്കുള്ള പരിശീലനത്തിന് സഞ്ജു തയാറാണെന്ന് കെസിഎയെ അറിയിച്ചിട്ടും കെസിഎ പ്രതികരിച്ചില്ലെന്നായിരുന്നു സഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ആരോപിച്ചിരുന്നത്. ഈ വിമര്‍ശനങ്ങളെ കെസിഎ പൂര്‍ണമായി തള്ളി. സഞ്ജു ഞാനുണ്ടാകില്ല എന്ന ഒറ്റവരി മെസേജ് മാത്രമാണ് തങ്ങള്‍ക്ക് അയച്ചതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തുറന്നടിച്ചിരുന്നു. പിന്നീട് ഈ സംഭവം മൂലമാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞതെന്ന തരത്തില്‍ ചര്‍ച്ച വന്നതോടെ കെസിഎ പ്രതിരോധത്തിലാകുകയായിരുന്നു.
Story Highlights : KCA legal notice to S Sreesanth in sanju samson issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here