കൊവിഡിനെ തുരത്തിയത് ആഘോഷമാക്കി ന്യൂസീലൻഡുകാർ; റഗ്ബി മത്സരത്തിന് എത്തിയത് റെക്കോർഡ് കാണികൾ

കൊവിഡിനെ തുരത്തിയത് ആഘോഷമാക്കി ന്യൂസീലൻഡ് ജനത. കഴിഞ്ഞ ദിവസം നടന്ന റഗ്ബി മത്സരം കാണാൻ റെക്കോർഡ് കാണികളാണ് എത്തിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ 45000നു മുകളിൽ കാണികളാണ് ഓക്‌ലൻഡിലെ ഈഡന്‍ പാര്‍ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. ഇതിലൂടെ 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ന്യൂസീലൻഡ് ജനത തകർത്തത്. നിലവിൽ ന്യൂസീലൻഡിലും ചൈനയിലും മാത്രമാണ് തുറന്ന സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കുന്നത്. പൂർണമായി ലോക്ക്ഡൗൺ പിൻവലിച്ച രണ്ട് രാജ്യങ്ങളിൽ ഒന്ന് ന്യൂസീലൻഡാണ്.
Read Also: കൊവിഡിനെ തോല്പിച്ച് ന്യൂസീലൻഡ്; അവസാന രോഗിയും ആശുപത്രി വിട്ടു
ഇത് ആഘോഷിക്കാനുള്ള സമയം ആണെന്നാണ് ഈഡന്‍ പാര്‍ക് സ്റ്റേഡിയത്തിന്റെ തലവന്‍ നിക്ക് സൗത്ത്‌നര്‍ പറയുന്നത്. ടിക്കറ്റ് നിരച്ച് കുറച്ചാണ് മത്സരം നടത്തിയത്. കുട്ടികൾക്ക് ടിക്കറ്റ് ഒഴിവാക്കിയും സൗജന്യ പൊതുഗതാഗതം ഏർപ്പെടുത്തിയും ആളുകളെ അധികാരികൾ സ്റ്റേഡിയത്തിലേക്ക് ആകർഷിച്ചു. അപ്പോഴും സുരക്ഷയ്ക്ക് വിട്ടു വീഴ്ച ഉണ്ടായില്ല. 50 ഹാന്‍ഡ് സാനിറ്റൈസര്‍ സ്‌റ്റേഷനുകളാണ് സ്‌റ്റേഡിയത്തിലുണ്ടായത്. ഓരോ അഞ്ച് മിനിറ്റിലും വാതിൽപ്പടിയും ലിഫ്റ്റ് ബട്ടണുകളുമൊക്കെ അണുവിമുക്തമാക്കുകയും ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഫുട്ബോൾ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചപ്പോഴും അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ ആകെ 1504 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 പേർ മരണപ്പെട്ടു. ബാക്കി 1462 പേരും രോഗമുക്തരായി. കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതു മുതൽ രാജ്യം ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. 10 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അന്ന് മുതൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
Story Highlights: New Zealand hails Covid-free days with record rugby crowd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here