പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധത്തിനിടെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങും

film shooting

ഫഹദ് ഫാസില്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ടേക്ക് ഓഫ്, ഉയരെ, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ചിത്രീകരണമാണ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കുന്നത്. മുടങ്ങിക്കിടക്കുന്ന സിനിമകളുടെ ചിത്രീകരണം പുനരാരംഭിക്കാതെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതില്‍ പ്രധിഷേധവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെടുകയാണെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി താരസംഘടനയ്ക്കും ഫെഫ്കയ്ക്കും കത്തയക്കുകയും പിന്നാലെ ഫഹദ് ഫാസില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മറുപടി നല്‍കുകയും ചെയ്തു. ഇത് വാണിജ്യ സിനിമയല്ലെന്നും ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള ചിത്രമാണെന്നുമാണ് വിശദീകരണം. മാലിക് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് പുതിയ ചിത്രീകരണത്തിന്റെ സംഘത്തിലുമുള്ളത്. സീ യൂ സൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം യൂ ട്യൂബ് റിലീസിനുള്ളതാണെന്നുള്ള സൂചനയുമുണ്ട്.

Story Highlights: Fahad Fazil’s film to start shooting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top