Advertisement

വിദ്യാർത്ഥികൾക്ക് യാത്രാ പ്രശ്നം രൂക്ഷം; ചെവിക്കൊള്ളാതെ എൽഎൽബി പരീക്ഷകൾ തീരുമാനിച്ച് കേരള യൂണിവേഴ്സിറ്റി

June 21, 2020
Google News 2 minutes Read

കേരള യൂണിവേഴ്സിറ്റിയുടെ എൽഎൽബി പരീക്ഷകൾ തുടങ്ങുന്നത് നാളെയാണ്, 22ആം തിയതി. അഞ്ച് വർഷ എൽഎൽബി വിദ്യാർത്ഥികൾക്ക് നാളെയും മൂന്നു വർഷ വിദ്യാർത്ഥികൾക്ക് 23നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും പരീക്ഷകൾ നടത്താനൊരുങ്ങുന്ന യൂണിവേഴ്സിറ്റി നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ, പാറശാലയിലെ സിഎസ്ഐ കോളജ് വിദ്യാർത്ഥികൾ മറ്റൊരു ഗുരുതര പരാതി മുന്നോട്ടു വെക്കുന്നുണ്ട്.

കോളജിൽ പഠിക്കുന്ന തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികൾക്ക് സംസ്ഥാനം കടന്ന് യാത്ര ചെയ്യേണ്ടതിനാൽ യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം തങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നാണ് അവരുടെ പരാതി. കോളജിലെ ആകെ വിദ്യാർത്ഥികളിൽ പകുതിയോളം പേരും തമിഴ്നാട് സ്വദേശികളാണ്. അതിൽ തന്നെ ഏതാണ്ട് 50ഓളം പേർക്കാണ് പരീക്ഷയുള്ളത്. ഇവർക്കെല്ലാം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി പരീക്ഷ എഴുതണം. പൊതുഗതാഗതം കളിയിക്കവിള അതിർത്തി വരെ പോലും എത്തുന്നില്ല. അതിർത്തിയിൽ ബസ് എത്തിയാൽ ആളുകൾ കേരളത്തിലേക്ക് കടക്കും എന്നതാണ് കാരണം. കളിയിക്കവിളക്ക് മുൻപുള്ള സ്റ്റോപ്പിലിറങ്ങി മാത്രമേ കേരളത്തിലേക്ക് വരാനാവൂ. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥികൾക്കെല്ലാം കാറോ മറ്റ് ടാക്സികളോ പിടിച്ച് മണിക്കൂറുകൾ യാത്ര ചെയ്ത് മാത്രമേ പരീക്ഷക്ക് എത്താനാവൂ. ഒരു ദിവസം 2000ഓളം രൂപ ടാക്സിക്കൂലിയായി മുടക്കുകയും വേണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ വിദ്യാർത്ഥികൾക്ക് അത് താങ്ങാൻ കഴിയുന്ന തുകയല്ല.

Read Also: കൊവിഡ് 19: എംജി സർവകലാശാലയുടെ എൽഎൽബി പരീക്ഷകൾ മാറ്റിവക്കണമെന്ന് വിദ്യാർത്ഥികൾ

“പല വീടുകളിലും ഇത്ര കഷ്ടപ്പെട്ട് പരീക്ഷ എഴുതാൻ പോവണ്ട എന്നാണ് പറയുന്നത്. അത് അവരുടെ പഠനത്തെ തന്നെ ബാധിക്കും. കേരളത്തിലെ തന്നെ വിവിധ ഇടങ്ങളിലുള്ള വിദ്യാർത്ഥികൾക്കും സമാനമായ യാത്രാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കോളജ് അധികൃതരോട് സംസാരിച്ചിരുന്നു. യൂണിവേഴ്സിറ്റിക്കും വിസിക്കുമൊക്കെ വിഷയം ചൂണ്ടിക്കാട്ടി മെയിൽ അയച്ചിരുന്നു. ഇതേ തുടർന്ന് കേരളത്തിലുള്ള വിദ്യാർത്ഥികൾക്ക് സബ് സെൻ്ററുകൾ തയ്യാറാക്കി നൽകി. കേരളത്തിലും സബ് സെൻ്ററുകൾ ഇല്ലാത്ത സ്ഥലങ്ങളുണ്ട്. അവിടെയുള്ള വിദ്യാർത്ഥികൾക്കും മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതുണ്ട്. ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ പരീക്ഷ ഉച്ച കഴിഞ്ഞ് ആക്കി. പക്ഷേ, തമിഴ്നാട് വിദ്യാർത്ഥികളുടെ കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ല. കളിയിക്കവിള ഒരു സബ് സെൻ്റർ നൽകിയിരുന്നെങ്കിൽ ഞങ്ങൾക്ക് ആശ്വാസമായേനെ. കേരളത്തിൽ പഠിക്കുന്നതു കൊണ്ട് തമിഴ്നാട് സർക്കാരോ തമിഴ്നാട് വിദ്യാർത്ഥികൾ ആയതുകൊണ്ട് കേരളമോ ഞങ്ങളുടെ കാര്യം പരിഗണിക്കുന്നില്ല.”- പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു വിദ്യാർത്ഥിനി പറയുന്നു.

“ബാർ കൗൺസിലിൻ്റെ ഒരു നിർദ്ദേശം ഉണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പരീക്ഷ നടത്തരുതെന്നായിരുന്നു അത്. ഓൺലൈൻ എക്സാം നടത്തണം. വിദ്യാർത്ഥികളുടെ സൗകര്യം നോക്കണം. അല്ലെങ്കിൽ, വിഷയം പ്രബന്ധരൂപത്തിൽ തയ്യാറാക്കി ഓൺലൈനിൽ സബ്മിറ്റ് ചെയ്യുക. ജൂലായ് 15നു ശേഷം മാത്രമേ പരീക്ഷകൾ നടത്താവൂ എന്നും സൂചിപ്പിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് യൂണിവേഴ്സിറ്റി ഇപ്പോൾ പരീക്ഷ നടത്തുന്നത്. ഒരാഴ്ചയായി യാത്രാ പാസിനു ശ്രമിച്ചിട്ട് ഒന്നും പഠിക്കാൻ സാധിച്ചിട്ടില്ല.”- വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.

Read Also: കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ : ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സബ് സെൻ്ററുകൾ രണ്ട് ജില്ലക്ക് ഒന്ന് എന്ന നിലയിലാണ് തയ്യാറാക്കി നൽകിയത്. തിരുവനന്തപുരത്തിനു പുറത്ത് ആകെ കേരളത്തിലുള്ളത് അഞ്ച് സബ് സെൻ്ററുകളാണ്. അപ്പോഴും യാത്രാപ്രശ്നം നിലനിൽക്കുന്നുണ്ട്. ആദിവാസി കുട്ടികൾ അടക്കം പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ട്. അവർക്കൊന്നും ടാക്സി വിളിച്ച് എത്താനുള്ള സാമ്പത്തിക ഭദ്രതയില്ല. പലയിടത്തും കണ്ടൈന്മെൻ്റ് സോൺ ആയതുകൊണ്ട് തന്നെ അവിടെയും ബുദ്ധിമുട്ടുകളുണ്ട്. പരീക്ഷ എഴുതാനായില്ലെങ്കിൽ 1, 2 വർഷം നഷ്ടപ്പെടുമെന്നതിനാൽ ആത്മഹത്യകൾ നടക്കാനുള്ള സാധ്യതയും വിദ്യാർത്ഥികൾ മുന്നോട്ടു വെക്കുന്നു.

“എറണാകുളം ജില്ലയിൽ സബ് സെൻ്റർ ഇല്ല. കോട്ടയം ജില്ലയിലെ നാട്ടകത്താണ് ഒരു സെൻ്റർ ഉള്ളത്. എറണാകുളത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് അവിടേക്കെത്തണം. ആലപ്പുഴയിലെ സെൻ്റർ കായംകുളത്താണ്. ജില്ലാ ആസ്ഥാനത്തല്ല. കാസർഗോഡും പാലക്കാടും മലപ്പുറത്തും പത്തനംതിട്ടയിലും സെൻ്ററുകൾ ഇല്ല. പരീക്ഷകൾക്ക് 14 ജില്ലകളിലും സെൻ്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ല”- തിരുവനന്തപുരം ലോ കോളജിലെ ഒരു വിദ്യാർത്ഥി പറയുന്നു.

കൂടാതെ ആറാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിന്റെ ഇടയിൽ തന്നെ എൽഎൽഎം പ്രവേശനത്തിനായുള്ള പരീക്ഷയും ഈ മാസം 28ന് നടക്കുകയാണ്. ആറാം സെമസ്റ്ററിലെ അവസാന പരീക്ഷ 29നാണ്. അതുകോണ്ട് തന്നെ യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനവും പുനപരിശോധിക്കേണ്ടതാണ്. ഇക്കാരണത്താൽ ബിരുദാനന്തര ബിരുദം ചെയ്യാൻ ആഗ്രഹിക്കുന്ന പല വിദ്യാർത്ഥികളും കടുത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. വിഷയത്തിൽ ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷനും ഫയൽ ചെയ്തു.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം. അല്ലെങ്കിൽ എല്ലാ ജില്ലകളുടേയും ആസ്ഥാനം പരീക്ഷാകേന്ദ്രങ്ങളാക്കുകയോ നടത്താനിരിക്കുന്ന പരീക്ഷ ഒരാഴിച്ച കാലയളവിൽ മാറ്റി വയ്ക്കുകയോ ചെയ്യണം എന്നാണ് തങ്ങളുടെ ആവശ്യം എന്നും വിദ്യാർത്ഥികൾ പറയുന്നു.

ബാർ കൗൺസിലിൻ്റെ നിർദ്ദേശം-പിഡിഎഫ്

Story Highlights: llb students against kerala university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here