കൊവിഡ് 19: എംജി സർവകലാശാലയുടെ എൽഎൽബി പരീക്ഷകൾ മാറ്റിവക്കണമെന്ന് വിദ്യാർത്ഥികൾ

ഏപ്രിൽ ഒന്ന് മുതൽ നടക്കുന്ന എം ജി സർവകലാശാലയുടെ എൽ എൽ ബി പരീക്ഷകൾ മാറ്റിവക്കണമെന്ന് വിദ്യാർത്ഥികൾ. കൊറോണ ഭീതി പടർത്തുന്ന സാഹചര്യത്തിൽ കേരളത്തിന്‌ അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ ഈ നടപടി ആശങ്ക സൃഷ്ടിക്കുന്നു. ഇന്നും നാളെയുമായാണ് വിദ്യാർത്ഥികൾ കോളേജുകളിലെത്തി പരീക്ഷക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

കൊവിഡ് 19 ജാഗ്രതാ നിർദേശങ്ങളെ അവഗണിച്ചാണ് എംജി സർവകലാശാല എൽഎൽബി നാലാം സെമസ്റ്റർ പരീക്ഷകൾ നടത്താനൊരുങ്ങുന്നത്. ഏപ്രിൽ ഒന്ന് മുതൽ പരീക്ഷകൾ ആരംഭിക്കുമെന്നാണ് നോട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. പരീക്ഷ എഴുതണമെങ്കിൽ ഇന്നും നാളെയുമായി വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്നുള്ള ദിവസങ്ങളിൽ പിഴയോടു കൂടി മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു. കൊറോണ ജാഗ്രതയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന നിർദേശങ്ങൾ നിലനിൽക്കെ സർവ്വകലാശാലയുടെ ഈ നീക്കം വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു.

സർവകലാശാലയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ എം ജി സർവകലാശാലാ പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്. പരീക്ഷ തിടുക്കം കൂട്ടി നടത്തരുതെന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങൾ പരിഗണിക്കണമെന്നുമാണ് പരാതിയിൽ. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികളാണ് വിവിധ ലോ കോളേജുകളിലായി പഠിക്കുന്നത്. ഇവർക്കെല്ലാം പരീക്ഷ എഴുതാൻ കഴിയണമെങ്കിൽ പൊതു ഗതാഗത സംവിധാന മാർഗങ്ങൾ ഉപയോഗിക്കേണ്ടി വരും.

വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംവിധാനങ്ങളടക്കം അടച്ചിരിക്കുകയാണ്. കൊറോണ ജാഗ്രത നിർദേശങ്ങൾ അവഗണിച്ചുള്ള സർവ്വകലാശാലയുടെ നടപടിയിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top