ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസിന് സംഭവിച്ച ജീര്‍ണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്രക്ക് വിവേകരഹിതവും സംസ്‌കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാള്‍ ആ കസേരയില്‍ ഇരുന്നിട്ടില്ല. ഞാനെന്ന ഭാവവും അല്‍പ്പത്തവും സംഗമിക്കുന്ന മുഹൂര്‍ത്തമായിരുന്നു മുല്ലപ്പള്ളിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. സ്വന്തം പക്ഷത്തിന്റെ ബാധ്യതായി അദ്ദേഹം മാറിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘വാട്ട് ആര്‍ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…’

ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അല്‍പ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂര്‍ത്തം നിത്യജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദര്‍ശിപ്പിക്കാനിറങ്ങിയ ആള്‍ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.

കോണ്‍ഗ്രസിനു സംഭവിച്ച രാഷ്ട്രീയജീര്‍ണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്‌ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാള്‍ ആ കസേരയില്‍ മുമ്പ് ഇരുന്നിട്ടുണ്ടോ? ഈ ചോദ്യം വേറൊരു തരത്തിലും ചോദിക്കാം.

”രാഷ്ട്രീയ നാവിന്റെ വേലി ചാട്ടം” പോലൊരു മുഖപ്രസംഗം ഏതെങ്കിലും കെപിസിസി പ്രസിഡന്റിനെതിരെ മനോരമയ്ക്ക് എഴുതേണ്ടി വന്നിട്ടുണ്ടോ? കോണ്‍ഗ്രസിനും യുഡിഎഫിനും സജീവമായ പിന്തുണ കൊടുക്കുന്ന അവര്‍ക്കുപോലും സഹികെട്ടിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ ബാധ്യതയായി മാറിക്കഴിഞ്ഞു.

ചുമതലാ നിര്‍വഹണത്തിന്റെ പേരില്‍ കേരളത്തിലെ ആരോഗ്യമന്ത്രിയെ അകമഴിഞ്ഞു പുകഴ്ത്തിയ വിഖ്യാത പത്രപ്രവര്‍ത്തകയാണ് ലോറ സ്പിന്നി. ഒന്നും രണ്ടും ലോകയുദ്ധങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യജീവന്‍ അപഹരിച്ച സ്പാനിഷ് ഫ്‌ലൂവിനെക്കുറിച്ച് വിഖ്യാതമായ പുസ്തകമെഴുതിയ എഴുത്തുകാരി. അവരാണ് The coronavirus slayer! How Kerala’s rock star health minister helped save it from Covid-19 എന്ന തലക്കെട്ടില്‍ കെ കെ ശൈലജ ടീച്ചറുടെ ഇന്റര്‍വ്യൂ ദി ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവരക്കേടുകള്‍ക്കെതിരെ ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകയ്ക്കുപോലും പ്രതികരിക്കേണ്ടി വരുമ്പോള്‍ നാണക്കേട് നാടിനാണ്.

സ്പാനിഷ് ഫ്‌ലൂവിനെക്കുറിച്ചു ഗവേഷണം നടത്തിയ പത്രലേഖികയ്ക്ക് കോവിഡ് 19നെക്കുറിച്ചും ഓരോ രാജ്യത്തും അതു സൃഷ്ടിക്കുന്ന വെല്ലുവിളിക്കുറിച്ചും അതിജീവനത്തിന് ഓരോ നാടും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചുമൊക്കെ ജിജ്ഞാസ തോന്നുക സ്വാഭാവികം. അവരുടെ ജേണലിസ്റ്റ് ഉള്‍ക്കാഴ്ചയാണ് കേരളത്തിനു നേരെ തിരിഞ്ഞത്. അത് തികച്ചും സ്വാഭാവികമായിരുന്നു താനും. നേച്ചര്‍, നാഷണല്‍ ജിയോഗ്രാഫിക്, സയന്റിസ്റ്റ്, ദി എക്കണോമിസ്റ്റ് തുടങ്ങിയ വിഖ്യാത പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരിയായ ലോറ സ്പിന്നിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരെ പി ആര്‍ കരാര്‍പ്പണിക്കാരാക്കി ചിത്രീകരിച്ച് അപമാനിക്കാന്‍ തുനിഞ്ഞത്, എത്രമാത്രം സങ്കുചിത മനസായിരിക്കണമെന്ന് ആലോചിക്കൂ.

എന്താണ് മുല്ലപ്പള്ളിയെപ്പോലുള്ളവര്‍ ചെയ്യുന്നത്? നല്ലതു ചെയ്യുന്നവരെയും നല്ലതു പറയുന്നവരെയും ഹീനമായ ഭാഷയില്‍ അപമാനിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. കോവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ ധാര്‍മ്മികവീര്യം ചോര്‍ത്താന്‍ കഴിയുമോ എന്നാണ് സംഘടിതമായി കോണ്‍ഗ്രസ് ചിന്തിക്കുന്നത്. ഷൈലജ ടീച്ചറോടെന്നല്ല, ഒരു കമ്മ്യൂണിസ്റ്റുകാരനോടും ഈ അടവ് വിലപ്പോവില്ലെന്ന് മുല്ലപ്പള്ളിയെ ഓര്‍മ്മിപ്പിക്കട്ടെ.

ഇതെന്തു രാഷ്ട്രീയമാണെന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പിന്നില്‍ അണിനിരന്നിട്ടുള്ള സാധാരണ മനുഷ്യരാണ്. വൈറസിന് മന്ത്രിയെന്നോ നേതാവെന്നോ എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഇല്ല. ഈ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതിനു നേതൃത്വം കൊടുക്കുന്നവരെ അപമാനിച്ച് നിഷ്‌ക്രിയരാക്കാന്‍ ശ്രമിക്കുന്നവര്‍ വൈറസിന്റെ സാമൂഹ്യവ്യാപനമാണ് മോഹിക്കുന്നത്. കേരളമുണ്ടാക്കിയ പ്രതിരോധ സംവിധാനമപ്പാടെ തകര്‍ന്നു കാണാന്‍ മോഹിക്കുന്നവരാണ് മുല്ലപ്പള്ളിയടക്കമുള്ള കോണ്‍ഗ്രസുകാര്‍. പെരുകുന്ന മരണസംഖ്യയില്‍ രാഷ്ട്രീയ ലാഭം പ്രതീക്ഷിക്കുന്ന ദുഷ്ടത.

മുല്ലപ്പള്ളി രാമചന്ദ്രന് ക്ഷോഭം വന്നതിന്റെ കാരണമാണ് ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കളറായത്’. നാടിനെക്കുറിച്ച് ആരെങ്കിലും നല്ലതു പറയുന്നത് തനിക്ക് ക്ഷോഭമുണ്ടാക്കുമെന്ന് തുറന്നു പറഞ്ഞ സത്യസന്ധത അംഗീകരിക്കുന്നു. കുശുംബും അസൂയയുമൊന്നും സാധാരണ ആരും പരസ്യമായി സമ്മതിച്ചു തരാറില്ല. തനിക്ക് അതൊക്കെ ക്ഷോഭമായി പുറത്തു വരുന്നുവെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്ന ചര്‍മ്മശേഷിയെ നമിക്കണം. ഇത്തരം പത്രസമ്മേളനങ്ങള്‍ നിത്യേനെ നടത്തുന്നത്, മാനസികപിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. ലോറാ സ്പിന്നിയൊക്കെ ശ്രദ്ധിച്ചു തുടങ്ങിയ നിലയ്ക്ക് മറുനാട്ടിലും പിരിമുറുക്കം അയയും.

ഒരര്‍ത്ഥത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേത് പ്രത്യേകതരം ത്യാഗമാണ്. ഒരു മഹാമാരിക്കാലം അടിച്ചേല്‍പ്പിക്കുന്ന വിഷാദത്തിലും മാനസികസംഘര്‍ഷത്തിലും നിന്ന് തന്റെ ജനതയെ മോചിപ്പിക്കാന്‍ സ്വയം പരിഹാസ്യകഥാപാത്രമാവുന്ന ത്യാഗം. അദ്ദേഹം ക്ഷോഭം കൊണ്ട് വലിഞ്ഞു മുറുകുമ്പോള്‍, ഒരു ജനത എല്ലാം മറന്നു പൊട്ടിച്ചിരിക്കുന്നു.

‘വാട്ട് ആര്‍ യു ടാക്കിംഗ്… റിലാക്‌സേഷന്‍?….. മി?… നത്തിംഗ് ഡൂയിംഗ്…’ എന്നൊരുവേള അദ്ദേഹം പറഞ്ഞേക്കാം. അതു വിനയം കൊണ്ടാകാനേ വഴിയുള്ളൂ.

Story Highlights: Minister Thomas Isaac talk about Mullapally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top