ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെടെ മൂന്ന് പാക് താരങ്ങൾക്ക് കൊവിഡ്

പാക് ക്രിക്കറ്റിൽ പിടിമുറുക്കി കൊവിഡ്. നിലവിൽ ദേശീയ ടീമിൽ കളിക്കുന്ന രണ്ട് താരങ്ങൾ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓൾറൗണ്ടർ ഷദബ് ഖാൻ, പേസർ ഹാരിസ് റൗഫ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷത്തെ അണ്ടർ-19 ലോകകപ്പ് കളിച്ച ബാറ്റ്സ്മാൻ ഹൈദർ അലിക്കുമാണ് രോഗബാധ. വാർത്താ കുറിപ്പിലൂടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ മുൻ താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also: മഷറഫെ മൊർതാസക്ക് കൊവിഡ്
മൂവരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്ന് വാർത്താ കുറിപ്പിൽ പാക് ക്രിക്കറ്റ് ബോർഡ് പറയുന്നു. റാവൽപിണ്ടിയിൽ ഞായറാഴ്ചയാണ് താരങ്ങളുടെ സ്രവപരിശോധന നടത്തിയത്. പാകിസ്താൻ്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ആണ് പരിശോധന നടത്തിയത്. ഈ താരങ്ങളോട് നിരീക്ഷണത്തിൽ പോവാൻ പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം ഇമാദ് വാസിം, ഉസ്മാൻ ഷിൻവാരി എന്നിവർക്കും പരിശോധന നടത്തിയെങ്കിലും ഇരുവരുടെയും റിസൽട്ട് നെഗറ്റീവ് ആയിരുന്നു. ഇരുവരും ഇംഗ്ലണ്ടിലേക്ക് തിരിക്കും.
മുതിർന്ന താരം ഷൊഐബ് മാലിക്ക്, ബൗളിംഗ് പരിശീലകൻ വഖാർ യൂനിസ് എന്നിവരൊഴികെ മറ്റുള്ളവരെല്ലാം പരിശോധനക്ക് വിധേയരായെന്നും വാർത്താ കുറിപ്പിൽ പാക് ക്രിക്കറ്റ് ബോർഡ് പറയുന്നു. ഇവരുടെ റിസൽട്ടുകൾ നാളെ വരും.
Read Also: ഷാഹിദ് അഫ്രീദിക്ക് കൊവിഡ്
ജൂലായ് 30നാണ് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. വിൻഡീസ് താരങ്ങൾ പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.
Story Highlights: Shadab Khan, Haider Ali And Haris Rauf Positive For Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here