1945 ലെ അണുബോംബ് ആക്രമണത്തിന് പിന്നാലെ ജപ്പാൻ അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ചോ ? [24 Fact Check]

japan ban american goods after 1945 24 fact check

അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം മുറുകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബോയ്‌ക്കോട്ട് ചൈന ഹാഷ്ടാഗുമായി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യക്കാർ ഉപരോധിക്കണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ ഉയർന്ന് കഴിഞ്ഞു. 1945 ലെ അണുബോംബ് ആക്രമണത്തിന് പിന്നാലെ ജപ്പാൻ ജനത അമേരിക്കൻ ഉത്പന്നങ്ങൾക്ക് സ്വയം-പ്രഖ്യാപിത ഉപരോധം ഏർപ്പെടുത്തിയെന്ന വാദമാണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ജപ്പാനിൽ ഇത്തരത്തിലൊരു കാര്യം നടന്നിട്ടുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.

ലോകം തന്നെ ഞെട്ടിവിറച്ച, ജപ്പാനെ നാമാവിശേഷമാക്കിയ 1945 ലെ അണുബോംബ് ആക്രമണത്തിന് പിന്നാലെ ജപ്പാൻ ജനത അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞു. തുടർന്ന് അമേരിക്കൻ ഉത്പന്നങ്ങളെല്ലാം ജപ്പാൻകാർ ഉപയോഗിക്കാതായി എന്നാണ് പ്രചരണം. ആക്രമണം നടന്ന് 71 വർഷങ്ങൾക്കിപ്പുറവും അമേരിക്കയിൽ നിർമിച്ച ഒരു മൊട്ടുസൂചി പോലും ജപ്പാനിൽ വിറ്റഴിക്കാൻ സാധിക്കുന്നില്ല എന്നും പ്രചരണത്തിലുണ്ട്. സമാന രീതിയിൽ ഇന്ത്യയും ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ ആഹ്വാനം. സർക്കാർ ഔദ്യോഗികമായി ഉപരോധമൊന്നും ഏർപ്പെടുത്തിയില്ലെങ്കിലും ദേശസ്‌നേഹികളായ അവിടുത്തെ ജനത തങ്ങളെ തകർത്ത രാജ്യത്തിന് മറുപടി നൽകിയത് ഇത്തരത്തിലാണെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ഇതാദ്യമായല്ല ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. 2017 മുതൽ പലരൂപങ്ങളിൽ ഈ സന്ദേശം കറങ്ങി നടക്കുന്നുണ്ട്.

എന്നാൽ അമേരിക്കയും ജപ്പാനും തമ്മിലുള്ള വ്യാപാരത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻസസ് ബ്യൂറോയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം 2016 ൽ ജപ്പാനും അമേരിക്കയും തമ്മിലുണ്ടായ വ്യാപാരം കുത്തനെ ഉയർന്നിരുന്നു. ആ വർഷം അമേരിക്കയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റി അയച്ച വസ്തുക്കളുടെ ആകെ മൂല്യം 63,247 മില്യൺ ഡോളർ വരും. 1945 ലെ ആക്രമണത്തിന് ശേഷം 71 വർഷങ്ങൾ കഴിഞ്ഞപ്പോഴുള്ള കണക്കാണ് 2016 ലേത്. പിന്നീടുള്ള വർഷങ്ങളിലും സമാന തോതിൽ തന്നെ വ്യാപാരം നടന്നിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 2019 ലെ കണക്ക് പ്രകാരം അമേരിക്കയുമായി ഏറ്റവും കൂടുതൽ വ്യാപാര പങ്കാളിത്തമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാന്റെ സ്ഥാനം നാലാമതാണ്.

Story Highlights- japan ban american goods after 1945, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top