കൊവിഡ് രോഗി എത്തിയ സാഹചര്യത്തില്‍ പുതിയാപ്പയില്‍ കടുത്ത നിയന്ത്രണങ്ങള്‍

താനൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗി പുതിയാപ്പ ഹാര്‍ബറില്‍ എത്തിയ സാഹചര്യത്തില്‍ പുതിയാപ്പയില്‍ കടുത്ത നിയന്ത്രണങ്ങള്‍. പുതിയാപ്പ ഹാര്‍ബര്‍ ഉള്‍പ്പടുന്ന പ്രദേശം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും.
തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവര്‍ പുതിയാപ്പ ഹാര്‍ബറിലും എത്തിയിരുന്നു. ഇതോടെ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ടര ദിവസമാണ് ഇയാള്‍ ഹാര്‍ബറിലും പരിസര പ്രദേശത്തുമായി ചിലവഴിച്ചത്. മത്സ്യം കൊണ്ട് പോവാനായി ശനിയാഴ്ച രാവിലെയും ഹാര്‍ബറില്‍ എത്തി. തീരദേശ പൊലീസ് സ്റ്റേഷന് സമീപം ലോറി നിര്‍ത്തിയിട്ട ശെഷം ഹാര്‍ബറിലെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. ഞായറാഴ്ച ഓട്ടോയില്‍ സഞ്ചരിച് പുതിയാപ്പ പാവാങ്ങാട് റോഡിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. ഹാര്‍ബറില്‍ തിരക്കുണ്ടായിരുന്നതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമായിരിക്കും. ജൂണ് 20, 21 തിയതികളില്‍ ഹാര്‍ബറില്‍ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ഇന്നലയോടെ ഹാര്‍ബര്‍ താത്കാലികമായി അടച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലും അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാന്റീന്‍ ജീവിനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം, ലോറി ഡ്രൈവര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹാര്‍ബറില്‍ ഇന്ന് അണു നശീകരണം നടത്തി.
Story Highlights: covid19 : Strict restrictions on Puthiyappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here