കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവുമായി പത്തനംതിട്ടയില്‍ ‘ എന്റെ മണിമലയാര്‍ പദ്ധതി’

PATHANAMTHITTA

പുറമറ്റം ഗ്രാമപഞ്ചായത്തിലെ മണിമലയാറിന്റെ തീരത്ത് പുഴയോര വനസംരക്ഷണ പദ്ധതിയും പ്രകൃതി സൗഹൃദ കായിക പരിശീലന കേന്ദ്രവും ഒരുക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റേയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജില്ലാതല ആലോചന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണിമലയാറിന്റെ തീരം സംരക്ഷിക്കുന്നതിന് വേണ്ടിയും ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുവാനും കൂടാതെ സെന്റ് ജോണ്‍സ് ഇരവിപേരൂര്‍ സ്‌കൂളിലെ കായിക വിദ്യാര്‍ത്ഥികള്‍ക്ക് മെഡിറ്റേഷന്‍ അടക്കമുള്ള സൗകര്യം ഒരുക്കുവാനും നിര്‍ദ്ദേശം ഉണ്ടായി.

വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ വകയായി ഫണ്ട് വകയിരുത്താമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അറിയിച്ചു. ഇവിടെ നൂതന കാര്‍ഷിക പദ്ധതി സാധ്യമാകുമെന്നും കൂടാതെ ക്ഷീര, മൃഗ പച്ചക്കറി കൃഷിയുടെ സംയോജിത സാധ്യത കൂടുതലാണെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച എസ്.വി സുബിന്‍ പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന നൂതന പദ്ധതികളില്‍ ഈ പദ്ധതിയെ പരിഗണിച്ച് അതിനുള്ള പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു പറഞ്ഞു. കൂടാതെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കുവാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാനും അതിന് മുന്നോടിയായി കോര്‍ കമ്മിറ്റി ജൂലൈ 1ന് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Pathanamthitta district ente manimalayar project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top