തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം

trip sheet is compulsory for taxis and auto in trivandrum

തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ ടാക്‌സിയിലും ഓട്ടോയിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ പേരും നമ്പരും കയറി ഇറങ്ങിയ സ്ഥലങ്ങള്‍ എന്നിവ ഷീറ്റില്‍ രേഖപ്പെടുത്തണം. സ്ത്രീ യാത്രക്കാരാണെങ്കില്‍ ബന്ധുക്കളുടെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാവും. ഡ്രൈവര്‍മാരുടെ പേരും നമ്പരും രജിസ്‌ട്രേഷന്‍ നമ്പരും വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. തിരുവനന്തപുരത്ത്  ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഓട്ടോ ടാക്‌സി സര്‍വീസുകളില്‍ പുതിയ മാറ്റം.

അതേസമയം, തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനായില്ല. ഇദ്ദേഹം പൊതുജനങ്ങളോട് വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സഞ്ചാര പാത വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമാകാതെ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച കേസായിരുന്നു മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന്റേത്. കരിക്കകം സ്വദേശിയായ ഈ 55കാരന്റെ സഞ്ചാര പാത അതിസങ്കീര്‍ണമാണ്. ഇദ്ദേഹം പൊതുജനങ്ങളുമായി വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സഞ്ചാരപാതയില്‍ വ്യക്തമാണ്. ഒന്നിലധികം ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി, ഓര്‍ത്തോ, കാര്‍ഡിയോളജി വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിച്ചു. വ്യത്യസ്ത ദിവസങ്ങളില്‍ പ്രവേശന കവാടത്തിലും, ട്രാഫിക് ഡ്യൂട്ടിയും ചെയ്തു.

ജൂണ്‍ 8, 14 തീയതികളില്‍ ഗുരുതര ശ്വാസകോശ രോഗികളെ ചികിത്സിക്കുന്ന സാരി വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തു. 14ന് തന്നെകരിക്കകത്തെ സുഹൃത്തിന്റെ വീട്ടിലെ ഒരു യോഗത്തില്‍ പങ്കെടുത്തു. 16 പേരാണ് ഒപ്പം പങ്കെടുത്തത്. സാരി വാര്‍ഡിനടുത്തെ ചായക്കടയില്‍ നിത്യ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ സെക്യൂരിറ്റി വിശ്രമ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ദിവസങ്ങളില്‍, വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കരിക്കകം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 17 ന് കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. 18ന് ആനയറ ലോര്‍ഡ്സ് ആശുപത്രിയിലും ചികിത്സ തേടിയെത്തി. 19ന് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 21 നാണ് രോഗം സ്ഥിരീകരിച്ചത്.

ഭാര്യയും രണ്ട് കുട്ടികളും,സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുമായി 35 ഓളം പേര്‍, മൂന്ന് ആശുപത്രികളിലെ ജീവനക്കാരുമടക്കം 80 ഓളം പേര്‍ ഇതിനോടകം ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ എണ്ണം ഇനിയും വര്‍ധിക്കും. സെക്കന്ററി കോണ്ടാക്ട് പട്ടിക അതിവിപുലമാണ്. മാത്രമല്ല തിരക്ക് നിയന്ത്രിക്കുന്ന വേളയില്‍ ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയ പൊതുജനങ്ങള്‍ എത്രയെന്നത് അവ്യക്തവും. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിന്ന് സ്രവ പരിശോധന നടത്തും.തിരുവനന്തപുരം നഗരസഭയിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

 

Story Highlights: trip sheet is compulsory for taxis and auto in trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top