പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് ഭേദമായ ആള്‍ ആശുപത്രി വിട്ടു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ കൊവിഡ് ബാധിതന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് (50) പൂര്‍ണ ആരോഗ്യത്തോടെ ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തിയതിയാണ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ബാധ കണ്ടെത്തിയതോടെ കൊവിഡ് 19 സ്രവപരിശോധന നടത്തി ഓക്‌സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് എന്നിവ ഉള്‍പ്പെടെയുള്ള ചികിത്സ തുടങ്ങി. ആരോഗ്യ നില വഷളായതോടെ ഐ.സി.യുവിലേക്ക് മാറ്റുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതമുള്ളതായി കണ്ടെത്തി അതിനുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. ജൂണ്‍ 13ന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കൊവിഡ് ഐ.സിയുവിലേക്ക് മാറ്റി പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പ്ലാസ്മ തെറാപ്പിയും ടോസിലിസുമാബും നല്‍കിയത്. രോഗം ഭേദമായതോടെ സൈനുദ്ദീനെ 25ന് സ്റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്നാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.
മെയ് 27ന് ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന്റെ ചികിത്സയ്ക്ക് വേണ്ടി പ്ലാസ്മ നല്‍കിയത്. കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയത് മഞ്ചേരി മെഡിക്കല്‍ കോളജിലാണ്. ജൂണ്‍ അഞ്ചിനാണ് ആദ്യ പ്ലാസ്മ തെറാപ്പി നടന്നത്.
Story Highlights:covid19: Patient cured through plasma therapy discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here