ഉയർത്തിപ്പിടിക്കേണ്ടത് ഭിന്നതകളുടെ സൗഹൃദം; വാരിയംകുന്നൻ വിവാദത്തിൽ പ്രതികരിച്ച് മുഹ്‌സിൻ പരാരി

ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വാരിയംകുന്നൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിനിമയുടെ സഹ തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി. സംഘപരിവാറിൻ്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ഭിന്നതകളുടെ സൗഹൃദമാണ് വേണ്ടതെന്നും, താനും ആഷിഖ് അബുവും തമ്മിൽ അത് ഉണ്ടെന്നും പരാരി കുറിക്കുന്നു. ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ് എന്നും പരാരി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കുറിക്കുന്നു.
പരാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകൾ തമ്മിൽ കലാപത്തിലേർപ്പെടുന്നതിനേക്കാൾ മനോഹരം അവ തമ്മിലുള്ള സർഗാത്മകമായ കൊടുക്കൽ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു.
പ്രതിലോമപരമായ ആശയങ്ങളും വിദ്വേശപ്രചാരണവും മാത്രം ഉൽപാദിപ്പിക്കുന്ന ഘട്ടത്തിൽ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേർത്ത് വക്കുന്നു.
സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇവരുടെ കുടുംബത്തെക്കൂടി വലിച്ചിഴക്കുന്ന രീതിയിലുള്ള ആക്രമണമുണ്ടായി. ശേഷം മൂന്ന് സിനിമകൾ ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ബിജെപി അടക്കമുള്ള സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തി. പരാരിക്കൊപ്പം തിരക്കഥാ രചന നടത്തുന്ന റമീസ് മുഹമ്മദിൻ്റെ പഴയ ചില ഫേസ്ബുക്ക് പോസ്റ്റുകൾ വീണ്ടും വൈറലാവുകയും ഇതേ തുടർന്ന് സിനിമയിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.
Story Highlights: muhsin parari facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here