കെഎം മാണിയെ മുന്നിൽ നിന്ന് കുത്താൻ സാധിക്കാത്തവർ പിന്നിൽ നിന്ന് കുത്തി : റോഷി അഗസ്റ്റിൻ എംഎൽഎ

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തരത്തിൽ ധാരണയുണ്ടായിരുന്നില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
‘യുഡിഎഫ് ഒരു പ്രമേയം പാസാക്കണമെങ്കിൽ എല്ലാവരും യോഗം ചേർന്ന് വേണ്ടെ പ്രമേയം പാസാക്കാൻ ? ആ യോഗത്തിൽ തങ്ങളുണ്ടായിരുന്നില്ല. പുറത്താക്കൽ നീതികരിക്കാനാവില്ല. യുഡിഎഫ് നടപടി സങ്കടകരമാണ്’- റോഷി പറയുന്നു.
യുഡിഎഫ് പറഞ്ഞിട്ടുള്ള കരാർ പ്രകാരമുള്ള ധാരണയെല്ലാം അംഗീകരിച്ചിട്ടുണ്ട്. എട്ട് മാസം അവർക്ക്, ആറ് മാസം തങ്ങൾക്ക് എന്നൊരു ധാരണയുണ്ടായിട്ടില്ലെന്നും ഉണ്ടായിരുന്നെങ്കിൽ തിരുവവന്തപുരത്തെ ചർച്ചയ്ക്ക് ശേഷം ഇതാണ് ധാരണയെന്ന് പരസ്യമായി പറയുമായിരുന്നില്ലേ എന്ന് റോഷി അഗസ്റ്റിൻ ചോദിക്കുന്നു. കെഎം മാണിയെ മുന്നിൽ നിന്ന് കുത്താൻ സാധിക്കാത്തവർ ഇപ്പോൾ പിന്നിൽ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിൻ വികാരാധീതനായി പറഞ്ഞു. തങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും റോഷി പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിുകയായിരുന്നു. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് യുഡിഎഫ് നിർണായക തീരുമാനം കൈക്കൊണ്ടത്. ചർച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ലെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ജോസ് പക്ഷം മുന്നണിയെ ധിക്കരിച്ചെന്നും യുഡിഎഫ് വിലയിരുത്തി. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും യുഡിഎഫ് കൺവീനർ നിലപാട് വ്യക്തമാക്കി.
Story Highlights- kerala congress, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here