മടങ്ങിയെത്തുന്ന പ്രാവസികളുടെ പുനരധിവാസം ഉറപ്പാക്കാൻ ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

മടങ്ങിയെത്തുന്ന പ്രാവസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിർണായകമായ സംഭാവന നൽകുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങൾ. ആളോഹരി വരുമാനം കേരളത്തിൽ ഉയർന്നുനിൽക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്.

2018ലെ സർവേ പ്രകാരം ഒരു വർഷം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോൾ അത് ഒരു ലക്ഷം കോടി രൂപയിൽ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.

പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും തിരികെ എത്തുന്ന പ്രവാസികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ഈ സർക്കാർ വന്ന ശേഷം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭ രൂപീകരിച്ചത്. ഇതു കൂടാതെ, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

എന്നാൽ, കൊവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായവാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് കൂടുതൽ പേർ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഈ പ്രശ്‌നം സർക്കാർ ഗൗരവമായി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണ്.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളിൽ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങൾ നടത്തി പരിചയമുള്ളവരുമാണ് ഇവരിൽ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോൺ നടത്തും.

ഓരോ ആശയവും നടപ്പാക്കുന്നതിൽ വിദഗ്‌ദോപദേശം നൽകുന്നതിന് യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്കു രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയമാണ് നൽകുക. നിർദേശങ്ങൾ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകൾക്ക് ശുപാർശ നൽകും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ വകുപ്പുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.

ഇതിനു വേണ്ടി ഒരു സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനായ കമ്മിറ്റിയിൽ നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.

പദ്ധതി നടത്തിപ്പിന് ഡോ. കെ.എം അബ്രഹാം ചെയർമാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ), സി. ബാലഗോപാൽ (ടെറുമോ പെൻപോൾ സ്ഥാപകൻ), സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൾ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവർ ഈ സമിതിയിൽ അംഗങ്ങളാണ്.

പദ്ധതി നടത്തിപ്പിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഡ്രീം കേരള കാമ്പയിൻ, ഐഡിയത്തോൺ ജൂലൈ 15 മുതൽ 30 വരെ, സെക്ടറൽ ഹാക്കത്തോൺ ആഗസ്റ്റ് 1 മുതൽ 10 വരെ. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വെർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കൽ ആഗസ്റ്റ് 14. പദ്ധതി നിർവഹണം 100 ദിവസം. 2020 നവംബർ 15നു മുമ്പ് പൂർത്തിയാക്കണം.

Story highlight: Chief Minister said that the Dream Kerala project would be implemented to ensure the rehabilitation of the returning expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top